സൗത്ത് കൊറിയന്‍ നടന്‍ ഡോണ്‍ ലീ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഒടിടിയുടെയും സോഷ്യല്‍ മീഡിയയുടെയും കാലത്ത് ഹോളിവുഡില്‍ നിന്നുള്ളതല്ലാത്ത ചില വിദേശ ചലച്ചിത്ര താരങ്ങളും ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പ്രശസ്തരാണ്. അതിലൊന്നാണ് സൗത്ത് കൊറിയന്‍ നടനായ ലീ ഡോങ് സിയോക്. ഡോണ്‍ ലീ എന്ന പേരിലാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കൊറിയന്‍ സിനിമകളിലൂടെ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും അദ്ദേഹത്തിന് ആരാധകരുണ്ട്. തങ്ങളുടെ പ്രിയ നടനായ മോഹന്‍ലാലുമായി ചില സാമ്യതകളും മലയാളികള്‍ ഡോണ്‍ ലീയില്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ കൊറിയന്‍ ലാലേട്ടന്‍ എന്നൊരു വിളിപ്പേരും അദ്ദേഹം പോലുമറിയാതെ ഡോണ്‍ ലീയ്ക്ക് ഇവിടെ ലഭിച്ചു. എമ്പുരാന്‍റെ പ്രീ റിലീസ് സമയത്ത് ഡോണ്‍ ലീ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്ന് ഒരു പ്രചരണം നടന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഇപ്പോഴിതാ ഡോണ്‍ ലീ ഇന്ത്യന്‍ സിനിമയിലെ തന്‍റെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറിയന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാം​ഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആയിരിക്കും ഡോണ്‍ ലീയുടെ ഇന്ത്യന്‍ സിനിമാ അരങ്ങേറ്റമെന്ന് മുകൊ എന്ന കൊറിയന്‍ ഡ്രാമ, എന്‍റര്‍ടെയ്ന്‍‍മെന്‍റ് കൂട്ടായ്മ എക്സില്‍ പോസ്റ്റ് ചെയ്തു. ഇത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറല്‍ ആയി മാറി. “ബാഹുബലിയിലൂടെ പ്രശസ്തനായ പ്രഭാസിനെ നായകനായി സന്ദീപ് റെഡ്ഡി വാം​ഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സ്പിരിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ഡാര്‍ക്ക് ടോണില്‍ ഒരുങ്ങുന്ന ഒരു ഡിറ്റക്റ്റീവ് ക്രൈം ഡ്രാമയാണ് ഇത്. പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എതിരെ നില്‍ക്കുന്ന കഥാപാത്രത്തെയാണ് മാ ഡോങ് സിയോക് അവതരിപ്പിക്കുന്നത്”, എന്നാണ് മുകോയുടെ പോസ്റ്റില്‍ പറയുന്നത്. ചിത്രം കൊറിയയില്‍ റിലീസ് ചെയ്യുമോ എന്ന കാര്യം ഉറപ്പില്ലെന്നും ഇതേ പോസ്റ്റില്‍ ഉണ്ട്. അതേസമയം ചിത്രത്തിന്‍റെ അണിയറക്കാരാരും ഡോണ്‍ ലീയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

Scroll to load tweet…

പ്രഭാസിന്‍റെ കരിയറിലെ 25-ാം ചിത്രമാണ് സ്പിരിറ്റ്. സന്ദീപ് റെഡ്ഡിം വാംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു പൊലീസ് ഡ്രാമയാണ്. കരിയറില്‍ ആദ്യമായാണ് പ്രഭാസ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആക്ഷന്‍ രംഗങ്ങളേക്കാള്‍ ഡ്രാമയ്ക്ക് പ്രാധാന്യമുള്ള ചിത്രമായതിനാലാണ് ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്