നേരത്തെ മമ്മൂട്ടിയുടെ ഡോക്യുമെന്ററിയും ദൂരദർശൻ പുറത്തുവിട്ടിരുന്നു. 

ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രമായി എത്തി പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പുള്ള മോഹൻലാലിന്റെ ഡോക്യുമെന്ററി(documentary) ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുകയാണ് ദൂരദർശൻ(doordarshan). 'താരങ്ങളുടെ താരം മോഹൻലാൽ' എന്ന ഡോക്യുമെന്ററിയാണ് ശ്രദ്ധനേടുന്നത്. 

തിരനോട്ടത്തില്‍ നിന്ന് തുടങ്ങി വാനപ്രസ്ഥം വരെ എത്തിയ മോഹൻലാലിന്റെ സിനിമാ യാത്രയാണ് ഡോക്യുമെന്ററിയിൽ ഉള്ളത്. ഏകദേശം 25 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദൃശ്യങ്ങള്‍ ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നെടുമുടിയാണ് മോഹന്‍ലാലിനെ ഡോക്യുമെന്ററിയ്ക്കായി അഭിമുഖം ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 

എം.ടി വാസുദേവന്‍ നായര്‍, ഷാജി എന്‍. കരുണ്‍, ഫാസില്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പഠനകാലം, നാടക പ്രവര്‍ത്തനം, എം.ജി കോളേജിലെ കലാലയ ജീവിതം, ആദ്യ ചിത്രമായ തിരനോട്ടം തുടങ്ങി ഒട്ടേറെ ഓര്‍മകള്‍ മോഹന്‍ലാല്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നു.

YouTube video player

നേരത്തെ മമ്മൂട്ടിയുടെ ഡോക്യുമെന്ററിയും ദൂരദർശൻ പുറത്തുവിട്ടിരുന്നു. 20 വര്‍ഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ജന്മ നാടായ ചെമ്പ് ഗ്രാമത്തിലൂടെയും പഠിച്ച കലാലയത്തിലൂടെയും പിന്നീട് അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലൂടെയുമാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സഹപ്രവര്‍ത്തകരും പരിചയക്കാരുമെല്ലാം മമ്മൂട്ടിയെ കുറിച്ച് പറയുന്നത് വീഡിയോയിൽ കാണാം. കുഞ്ഞു ദുൽഖറുമൊക്കെ ഡോക്യുമെന്ററിയിലൂടെ വന്നു പോയിരുന്നു.