Asianet News MalayalamAsianet News Malayalam

'ദൃശ്യം 2' ഗള്‍ഫ് തിയറ്റര്‍ റിലീസ് നാളെ; തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ച് മോഹന്‍ലാല്‍

ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് ഗള്‍ഫില്‍ ചിത്രം വിതരണം ചെയ്യുന്നത്

drishyam 2 gulf theatre release tomorrow
Author
Thiruvananthapuram, First Published Jun 30, 2021, 4:54 PM IST

'ദൃശ്യം 2'ന്‍റെ ഗള്‍ഫി തിയറ്റര്‍ റിലീസ് നാളെ. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം ബിഗ് സ്ക്രീനില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തിയറ്റര്‍ ലിസ്റ്റ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. യുഎഇയില്‍ 27, ഖത്തര്‍ 8, ഒമാന്‍ 2 എന്നിങ്ങനെയാണ് സ്ക്രീനുകളുടെ എണ്ണം. ഈ മാസം 26ന് സിംഗപ്പൂരിലും ചിത്രം തിയറ്റര്‍ റിലീസ് ചെയ്‍തിരുന്നു. 

ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് ഗള്‍ഫില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്ക്രീനില്‍ കാണണമെന്ന വലിയ പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് ഫാര്‍സ് ഫിലിം ഗ്രൂപ്പ് സിഇഒ അഹമ്മദ് ഗോല്‍ച്ചിന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീജിയം കമ്പനിയും സംയുക്തമായാണ് ചിത്രം സിംഗപ്പൂരില്‍ ചിത്രം തിയറ്റര്‍ റിലീസിന് എത്തിച്ചത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. പല ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട 'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗം ആയതിനാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു ദൃശ്യം 2. ദൃശ്യത്തിന്‍റെ പേര് മോശമാക്കിയില്ല എന്നു മാത്രമല്ല, വലിയ പ്രേക്ഷകപ്രീതിയും നേടി ദൃശ്യം 2. ഡയറക്റ്റ് ഒടിടി റിലീസിനു പിന്നാലെ ടെലിവിഷന്‍ പ്രീമിയറിലും നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21ന് ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. ബാര്‍ക്കിന്‍റെ (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കനുസരിച്ച് മലയാളം ടെലിവിഷനില്‍ ആ വാരം ഏറ്റവുമധികം കാണികളെ ലഭിച്ച പരിപാടി ദൃശ്യം 2 പ്രീമിയര്‍ ആയിരുന്നു. ലഭിച്ച ഇംപ്രഷനുകള്‍ 66 ലക്ഷം. 21 ടിവിആര്‍ പോയിന്‍റുകളും പ്രീമിയര്‍ നേടി. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം 2. 

കൊവിഡ് കാലത്താണ് ദൃശ്യം 2 പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. അതേസമയം ദൃശ്യം 2ന്‍റെ തെലുങ്ക് റീമേക്ക് ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം തെലുങ്ക് റീമേക്ക് നടി ശ്രീപ്രിയയാണ് സംവിധാനം ചെയ്തതെങ്കില്‍ ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റൈറ്റ്സും വിറ്റുപോയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios