മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദിയിലേക്ക്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പൊരുങ്ങുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഈ വാർ‍ത്തകൾ പുറത്തുവരുന്നത്. 

ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിച്ചത്. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും. നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പ് ഒരുക്കിയത്. ദൃശ്യം സെക്കന്‍ഡ് ബോളിവുഡ് പതിപ്പ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.