ഒടിടി പ്ലാറ്റ്ഫോം റിലീസുകളെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും നല്‍കുന്ന 'ലെറ്റ്സ് ഒടിടി' എന്ന വെബ് സൈറ്റ് ആണ് ദൃശ്യം 2ന് ലഭിച്ചിരിക്കുന്ന ഒടിടി റൈറ്റ്സ് എത്രയെന്ന കണക്ക് പങ്കുവച്ചിരിക്കുന്നത്

മലയാള സിനിമയുടെ ഒടിടി വിപണനസാധ്യതകള്‍ ഉയര്‍ത്തിയ രണ്ടു ചിത്രങ്ങളാണ് ആമസോണ്‍ പ്രൈമിലൂടെ എത്തിയ ദൃശ്യം 2, ജോജി എന്നിവ. ഫഹദ് ചിത്രം എന്ന നിലയില്‍ ജോജിക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ചെങ്കില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള 'ദൃശ്യം' ആരാധകരിലേക്ക് പോലും ദൃശ്യം 2 എത്തി. കൊവിഡ് കാലത്ത് മലയാളസിനിമയില്‍ നിന്നുള്ള സര്‍പ്രൈസ് പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം 2ന്‍റെ ഡയറക്റ്റ് ഒടിടി റിലീസ്. പുതുവര്‍ഷരാത്രിയിലാണ് ചിത്രത്തിന്‍റെ ടീസറിനൊപ്പം ഡയറക്റ്റ് ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന് ലഭിച്ച ഒടിടി റൈറ്റ്സ് എത്രയെന്ന ചോദ്യം സിനിമാപ്രേമികള്‍ അന്നുമുതല്‍ ഉയര്‍ത്തുന്നുണ്ട്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിനോടും സംവിധായകന്‍ ജീത്തു ജോസഫിനോടും ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴായി ചോദിച്ചെങ്കിലും അവര്‍ തുക വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ദൃശ്യം 2ന് ആമസോണ്‍ നല്‍കിയ തുകയെക്കുറിച്ച് സോഷ്യല്‍ വീണ്ടും ഒരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

ഒടിടി പ്ലാറ്റ്ഫോം റിലീസുകളെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും നല്‍കുന്ന ലെറ്റ്സ് ഒടിടി എന്ന വെബ് സൈറ്റ് ആണ് ദൃശ്യം 2ന് ലഭിച്ചിരിക്കുന്ന ഒടിടി റൈറ്റ്സ് എത്രയെന്ന കണക്ക് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അവര്‍ ഒരു ചോദ്യോത്തര പരിപാടി നടത്തിയിരുന്നു. അതില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനാണ് ലെറ്റ്സ് ഒടിടിയുടെ മറുപടി. ദൃശ്യം 2ന് ലഭിച്ച ഒടിടി റൈറ്റ്സ് തുക 30 കോടിയാണെന്നും ഇത് ഇതുവരെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ ആമസോണ്‍ തൃപ്‍തരാണെന്നും ലെറ്റ്സ് ഒടിടി പറയുന്നു.

Scroll to load tweet…

ദൃശ്യം 2ന് ലഭിച്ച ഒടിടി റൈറ്റ്സ് തുകയെക്കുറിച്ചുള്ള ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. ആയിരത്തിലധികം ലൈക്കുകളും 350ലേറെ ഷെയറുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ച സമയത്ത് ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഒടിടി റൈറ്റ്സ് തുകയെക്കുറിച്ചുള്ള ചോദ്യത്തിന് ജീത്തു ജോസഫിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു- "തുകയെക്കുറിച്ച് ഞാന്‍ ആന്‍റണിയോട് ചോദിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞിട്ടുമില്ല. അദ്ദേഹത്തിന് ഗുണം കിട്ടുന്ന, നല്ലൊരു വിലയാണെന്ന് പറഞ്ഞു. ഞാന്‍ എന്തിന് അത് ചോദിക്കണം", ജീത്തു പറഞ്ഞിരുന്നു.

ALSO READ: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി