ആശിര്‍വാദ് തന്നെയാണ് നിര്‍മ്മാണം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രം ദൃശ്യം പോലെ മറ്റൊന്ന് ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ‍ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റീമേക്ക് ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. ഒറിജിനല്‍ ദൃശ്യം 2 ഒരു തിയറ്റര്‍ റിലീസ് ആവാതെ പോയതിന്‍റെ നിരാശ മലയാളി സിനിമാപ്രേമികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവെക്കാറുണ്ട്. ദൃശ്യം 3 ആ കുറവ് നികത്തുമെന്ന പ്രത്യാശയും അവര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദൃശ്യം 3 സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തുകയാണ്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ചാണ് അത്.

ദൃശ്യം 3 ന്‍റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങും. ചിത്രത്തിന്‍റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്‍റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ഫ്രാഞ്ചൈസിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം 2 വന്നതിന് ശേഷം മൂന്നാം ഭാഗത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ച് പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ ഈ കാലയളവില്‍ എത്തിയിട്ടുണ്ട്. ഈ ഫ്രാഞ്ചൈസിയില്‍ സിനിമാപ്രേമികള്‍ക്കുള്ള താല്‍പര്യം അത്രമാത്രമാണ്.

അതേസമയം ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്‍റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ടായിരുന്നു. 2022 ല്‍ പുറത്തെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്കിന്‍റെയും സംവിധാനം അഭിഷേക് പതക് ആയിരുന്നു. അതേസമയം മലയാളം ദൃശ്യം 3 ഫെബ്രുവരി 20 നാണ് പ്രഖ്യാപിച്ചത്.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News