സംഗീത സംവിധായകൻ അനിൽ ജോൺസൺ, പ്രണവ് മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ വേറിട്ട ജീവിതശൈലിയെക്കുറിച്ചും ചിന്തകളെക്കുറിച്ചുമൊക്കെ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് ദൃശ്യം അടക്കമുള്ള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അനില്‍ ജോണ്‍സണ്‍. പ്രണവ് നായകനായി അരങ്ങേറിയ ആദി എന്ന ചിത്രത്തിന്‍റെ സംഗീതം അനില്‍ ജോണ്‍സണ്‍ ആയിരുന്നു. ചിത്രത്തില്‍ പ്രണവ് ഒരു ഇംഗ്ലീഷ് ഗാനം വരികള്‍ എഴുതി ആലപിച്ചിരുന്നു. അടുക്കുന്തോറും ഇഷ്ടം കൂടുന്ന ആളാണ് പ്രണവെന്ന് അനില്‍ ജോണ്‍സണ്‍ പറയുന്നു. അതിനുള്ള കാരണവും പറയുന്നു അദ്ദേഹം. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ജോണ്‍സണ്‍ ഇക്കാര്യം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“എനിക്ക് പുള്ളിയെ മനസിലായിട്ടുള്ളത് പുള്ളി ഭയങ്കര പ്രൈവറ്റ് പേഴ്സണ്‍ ആണെന്നാണ്. പുള്ളിയുടെ ചിന്തകള്‍ ലോകത്തിന് കൊടുക്കേണ്ടതാണെങ്കില്‍ കൊടുത്താല്‍ മതി എന്ന ലൈനില്‍ ചിന്തിക്കുന്ന ആള്‍. ആദ്യമായിട്ട് ഇവിടെ വന്നിട്ട് ഞങ്ങള്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ നമുക്ക് ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞുകേട്ട ഒരു മനുഷ്യനാണ് അത്. അതിനകത്തുനിന്ന് എനിക്ക് എല്ലാം മനസിലായിരുന്നു. പല സ്ഥലത്തും ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊക്കെ പോകുമ്പോള്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് ആളുകള്‍ വരും. പുള്ളി അതൃപ്തി ഒന്നും കാണിക്കില്ല. ചുമ്മാ അവിടെ നിന്നുകൊടുക്കും. ബോറടിക്കില്ലേ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാനത് ചോദിക്കുകയും ചെയ്തു. ചേട്ടാ, നാലഞ്ച് ദിവസമായിട്ട് ഇത് തന്നെയാണ് അവസ്ഥ എന്നായിരുന്നു മറുപടി. എന്‍റെ ഒരു സ്റ്റൈല്‍ ഓഫ് ലൈഫ് ഇങ്ങനെയാണ്. ഞാന്‍ ഒന്നിനോടും അറ്റാച്ച്ഡ് അല്ല എന്ന രീതി. സൗഹൃദവും അങ്ങനെയാണ്. ഇപ്പോള്‍ കണ്ടാല്‍ അന്ന് കണ്ടപ്പോഴത്തെ അതേ സ്നേഹം ഉണ്ടാവും. അതിനുവേണ്ടി വിളിക്കുകയോ ഒന്നുമില്ല. ഭയങ്കര രസമുള്ള ഒരാളാണ്”, അനില്‍ ജോണ്‍സണ്‍ പറയുന്നു.

“ഒരു സെക്കന്‍റ് ഹാന്‍ഡ് പോളോയോ മറ്റോ ഉണ്ടായിരുന്നു പുള്ളിക്ക്. എന്തോ കാര്യം പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു, ചേട്ടാ ടയറിനൊക്കെ ഇത്ര വിലയാണെന്ന് മനസിലായത് ഈയിടെ ടയര്‍ ഒരെണ്ണം പൊട്ടി മാറ്റിയപ്പോഴാണെന്ന്. ചെന്നപ്പോള്‍ 12,000 രൂപ ആണെന്ന് പറഞ്ഞുവെന്ന്. നമ്മളിങ്ങനെ ചിരിക്കുകയാണ്. പക്ഷേ അതാണ് അയാള്‍. അയാള്‍ സ്വന്തം എഫര്‍ട്ട് കൊണ്ട് കാര്യങ്ങള്‍ ചെയ്യുക എന്നൊരു ലെവലിലാണ്. അതൊരു വലിയ ക്വാളിറ്റിയാണ്. എന്ത് ചോദിച്ചാലും കിട്ടാവുന്ന ഒരു സ്ഥലത്ത് ഇങ്ങനെ ചിന്തിക്കുക എന്ന് പറയുന്നത്. അതില്‍ സുചി ചേച്ചിയുടെയും എല്ലാവരുടെയും ഒരു മോള്‍ഡിംഗ് ഉണ്ട്. അവര്‍ ഒന്നിനോടും അറ്റാച്ച്ഡ് അല്ല. അതിപ്പൊ ലാലേട്ടനായാലും അങ്ങനെയല്ലേ. ഒന്നിനോടും അറ്റാച്ച്ഡ് അല്ല”, അനിലിന്‍റെ വാക്കുകള്‍.

ആദിയില്‍ പ്രണവ് വരികളെഴുതി പാടിയ ഗാനത്തെക്കുറിച്ച് അനില്‍ ജോണ്‍സണ്‍ പറയുന്നത് ഇങ്ങനെ- “പുള്ളി ഗിറ്റാറിന്‍റെ സ്ട്രിംഗ്സ് ഒക്കെ കെട്ടി ഇവിടെ (സ്റ്റുഡിയോയില്‍) തറയില്‍ ഇരിക്കും. വന്ന് ആദ്യത്തെ ഒരു അഞ്ച് ദിവസം പുള്ളി ഒന്നും ചെയ്തില്ല. വെറുതെ ഇവിടെ വന്ന് ഇരുന്നു. അങ്ങോട്ടുമിങ്ങോട്ടും എന്തെങ്കിലുമൊക്കെ പറയും. പുള്ളി പോകും. പുള്ളിക്ക് ഒരാളോട് അടുക്കണമെങ്കിലൊക്കെ ഒരു പ്രോസസ് വേണം. അങ്ങനെ ഒരു ദിവസം പുള്ളി രണ്ട് വരി എഴുതി. പിന്നെ അത് ഒരു പ്രോസസ് ആയി മുന്നോട്ട് പോയി. ഗിറ്റാര്‍ കൊണ്ടുവന്നു. അത് വായിക്കാന്‍ തുടങ്ങി. മിഴിയോരം എന്നൊരു പാട്ട് വേറെ രീതിയില്‍ ചെയ്തിരുന്നു. അതിന് ഒരു അക്കൗസ്റ്റിക് ഗിറ്റാര്‍ വേണമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കൂടി പോയി ഒരു ഗിറ്റാര്‍ വാങ്ങി. ഗിറ്റാര്‍ വാങ്ങിയതൊക്കെ രസമാണ്. ചേട്ടാ എനിക്ക് കുറച്ച് പൈസ തരുമോ, ഞാന്‍ നാളെ തരാം എന്ന് പറഞ്ഞു. പുള്ളിയുടെ കയ്യില്‍ അപ്പോള്‍ കുറച്ച് പൈസയേ ഉണ്ടായിരുന്നുള്ളൂ. അത്രയും ജെന്വുവിന്‍ ആണ് പുള്ളി. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും നമുക്ക് ഇഷ്ടം കൂടുകയേ ഉള്ളൂ. പുള്ളിയെയൊക്കെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല. പുള്ളി ചുമ്മാതെ നടക്കുകയല്ല. എല്ലാവരും വിചാരിക്കുന്നത് പുള്ളി ചുമ്മാ മല കയറി നടക്കുകയാണെന്നാണ്. പുള്ളി നന്നായിട്ട് എഴുതും. പബ്ലിഷ് ചെയ്യില്ലെന്ന് മാത്രമേയുള്ളൂ. കുറേ കാര്യങ്ങള്‍ പുള്ളി ചെയ്യുന്നുണ്ട്”, അനില്‍ ജോണ്‍സണ്‍ പറയുന്നു.

Salim Kumar passes away | Asianet News Live | Malayalam Live News | Kerala News Updates