മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ചിത്രത്തിന്‍റെ റിലീസ്

മറുഭാഷാ സിനിമാപ്രേമികളും കാത്തിരിക്കുന്ന മലയാള ചിത്രമാണ് ദൃശ്യം 3. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിനേക്കാള്‍ മുന്‍പേ ചില വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തുടങ്ങിയിരുന്നു. ഇന്ത്യയിലും വിദേശത്തും വന്‍ റിലീസ് ആണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഒരു വിമര്‍ശനത്തിന് ചിത്രത്തിന്‍റെ യുഎസ് വിതരണക്കാരായ പ്രത്യംഗിര സിനിമാസ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

യുഎസില്‍ ദൃശ്യം 3 ന്‍റെ പ്രീമിയര്‍ ഷോകള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രീമിയര്‍ ഷോകളുടെ കൗണ്ട് കുറവാണെന്ന് ഒരാള് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യംഗിര സിനിമാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിനാണ് അവരുടെ മറുപടി എത്തിയിരിക്കുന്നത്. രാം ചരണ്‍ നായകനായി ജൂണ്‍ 4 ന് എത്താനിരിക്കുന്ന ചിത്രം പെഡ്ഡിയുടെ യുഎസ് പ്രീമിയറിന് ഇതിനേക്കാള്‍ ഷോ കൗണ്ട് ഉണ്ടെന്നും എന്തുകൊണ്ട് ദൃശ്യം 3 പ്രീമിയര്‍ കൂടുതല്‍ സ്ക്രീനുകളില്‍ കളിക്കുന്നില്ല എന്നുമായിരുന്നു ചോദ്യം. ഇതിന് പ്രത്യംഗിര സിനിമാസ് നല്‍കിയ മറുപടി ഇങ്ങനെ...

രാത്രി 9.30 നും 10.30 നും പ്രീമിയര്‍ ഷോകള്‍ ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് ഏറെ വൈകിയുള്ള സമയമാണെന്നുമാണ് അവര്‍ പറയുന്നത്. അതിനാല്‍ മിക്ക തിയറ്ററുകാരെയും സംബന്ധിച്ച് പ്രീമിയര്‍ ഷോ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണെന്നും. തയ്യാറായിട്ടുള്ള തിയറ്ററുകളില്‍ തന്നെ ഒരു ഷോയേ നടത്താന്‍ സാധിക്കൂവെന്നും പ്രത്യംഗിര സിനിമാസ് അറിയിക്കുന്നു. അതേസമയം സാധ്യമായ അത്രയും പ്രീമിയര്‍ ഷോകള്‍ സംഘടിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. പുതുതായി ആഡ് ചെയ്യപ്പെടുന്ന ഷോകളുടെ വിവരങ്ങള്‍ ഈ വാരം പുറത്തുവിടുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള മലയാളം ഫ്രാഞ്ചൈസിയാണ് ദൃശ്യം. അതിന്‍റെ മൂന്നാം ഭാഗമെന്ന നിലയില്‍ രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഇതിനകം ഈ ചിത്രം. മലയാളം പതിപ്പിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളും തിയറ്ററുകളില്‍ എത്തും. ഹിന്ദി റീമേക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമാണ്.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News