എവിടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് കണ്ടുപിടിക്കുമോ?, ആകാംക്ഷകള്‍ നിറച്ച് ദൃശ്യം2വിന്റെ പുതിയ ട്രെയിലര്‍.

എല്ലാവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം. മോഹൻലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ദൃശ്യം രണ്ട് എങ്ങനെയാകും സംവിധായകൻ ജീത്തു ജോസഫ് എത്തിക്കുകയെന്ന സംശയത്തിലാണ് എല്ലാവരും. ഇപോഴിതാ ദൃശ്യം 2വിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. താരങ്ങള്‍ അടക്കമുള്ളവര്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒന്നാം ഭാഗത്തിന്റെ വ്യക്തമായ തുടര്‍ച്ച തന്നെയാണ് രണ്ടാം ഭാഗവും എന്നതാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

മനുവിന്റെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട് രണ്ടാം ഭാഗത്തിലും. മോഹൻലാല്‍ ചെയ്യുന്ന കഥാപാത്രമായ ജോര്‍ജുകുട്ടി എങ്ങനെയാകും അന്വേഷണങ്ങളെ നേരിടുക. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും പറയുന്നത്. ഇത്തവണ മുരളി ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നുവെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. ട്രെയിലര്‍ താരങ്ങള്‍ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മൃതദേഹം എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത് എന്ന് മറ്റുള്ളവര്‍ മനസിലാക്കുമോയെന്ന ചോദ്യം കഥാനായകന്റെ കുടുംബത്തില്‍ നിന്ന് വരുന്നതായി ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.