സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജീത്തു ജോസഫ്

നാല് ദിവസം കൊണ്ട് 1.2 കോടിക്കുമേല്‍ കാഴ്ചകളാണ് 'ദൃശ്യം 2'ന്‍റെ ട്രെയ്‍ലറിനു ലഭിച്ചത്. ഒരു മലയാളചിത്രം എന്നതിനപ്പുറം ചിത്രത്തിന് ഇന്ത്യ മുഴുവനുമുള്ള കാത്തിരിപ്പിനെക്കുറിച്ച് അടിവരയിടുന്നതാണ് ഈ പ്രേക്ഷക പ്രതികരണം. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു 'ദൃശ്യം'. എന്നാല്‍ ഇത്തരമൊരു ചിത്രത്തിന് ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമായ ഹോളിവുഡില്‍ നിന്ന് റീമേക്കിനായുള്ള അന്വേഷണങ്ങള്‍ വല്ലതും വന്നിരുന്നോ? അത്തരത്തിലൊന്ന് വന്നുവെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. ഒരു ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നുവെന്നും ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും ജീത്തു പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തുവിന്‍റെ പ്രതികരണം.

അതേസമയം സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജീത്തു പറയുന്നു- "എന്നെ ഒരാള്‍ സമീപിച്ചു. ഞാന്‍ ദൃശ്യത്തിന്‍റെ സ്ക്രിപ്റ്റ് അയച്ചുകൊടുത്തു. എനിക്കറിയില്ല അത് എന്തായെന്ന്. മില്യണ്‍ ഡോളര്‍ ബേബി എന്ന ക്ലിന്‍റ് ഈസ്റ്റ്‍വുഡിന്‍റെ പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. അതായത് നായകനു പകരം നായിക പ്രധാന കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ സാധ്യതയെക്കുറിച്ചാണ് ചോദിച്ചത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ട്. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷ് വെര്‍ഷന്‍ സ്ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല", ജീത്തു ജോസഫ് പറയുന്നു. പ്രോജക്ട് യാഥാര്‍ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകനെന്നും ജീത്തു കൂട്ടിച്ചേര്‍ക്കുന്നു.

അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ ഹിലാരി സ്വാങ്കിന് ഓസ്‍കര്‍ പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്കാരങ്ങളും പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ക്യാമ്പ് വൈല്‍ഡര്‍, ബോയ്‍സ് ഡോണ്‍ട് ക്രൈ, മില്യണ്‍ ഡോളര്‍ ബേബി, ദി ഗിഫ്റ്റ്, ഇന്‍സോമ്‍നിയ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍ റീമേക്കുകള്‍ക്കു പുറമെ ദൃശ്യത്തിന്‍റെ സിംഹള ഭാഷയിലെ റീമേക്ക് ധര്‍മ്മയുദ്ധയ എന്ന പേരില്‍ 2017ലാണ് പുറത്തെത്തിയത്. ചൈനീസ് റീമേക്ക് ആയ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് 2019ലും പുറത്തെത്തി. ദൃശ്യത്തെ ആസ്പദമാക്കി ചൈനീസ് ഭാഷയില്‍ ഒരു വെബ് സിരീസിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.