പെട്രോൾ പമ്പ് ജീവനക്കാരനുമായി ചേർന്ന് ഡ്രൈവർ ഇന്ധനം നിറയ്ക്കാതെ കാർഡുകൾ ദുരുപയോഗം ചെയ്തെന്നാണ് പരാതി. മുംബൈ പൊലീസ് ഡ്രൈവർക്കും പെട്രോൾ പമ്പ് ജീവനക്കാരനുമെതിരെ കേസെടുത്തു.
മുംബൈ: ബോളിവുഡ് താരവും സംവിധായകനുമായ ഫർഹാൻ അക്തറിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്. ഫർഹാന്‍റെ അമ്മ ഹണി ഇറാനിയുടെ ഡ്രൈവർ നരേഷ് രാംവിനോദ് സിംഗിനും പെട്രോൾ പമ്പ് ജീവനക്കാരനായ അരുൺ സിംഗിനുമെതിരെയാണ് കേസ്. ഫ്യുവൽ കാർഡുകൾ ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് മുംബൈ പൊലീസ് കേസ് എടുത്തത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാതെ ബാന്ദ്രയിലെ ഒരു പെട്രോൾ പമ്പിൽ വെച്ച് ഡ്രൈവർ കാർഡുകൾ ആവർത്തിച്ച് സ്വൈപ്പ് ചെയ്തെന്നാണ് പരാതി. ഹണി ഇറാനിയുടെ മാനേജർ ദിയ ഭാട്ടിയ ഒക്ടോബർ 1ന് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്.
കേസിന്‍റെ വിശദാംശങ്ങൾ
ഡ്രൈവർ നരേഷ് രാംവിനോദ് സിംഗ്, പെട്രോൾ പമ്പ് ജീവനക്കാരനായ അരുൺ അമർ ബഹാദൂർ സിംഗുമായി ചേർന്ന് 2022 ഏപ്രിൽ മുതൽ 2025 സെപ്റ്റംബർ വരെ ഫ്യുവൽ കാർഡുകൾ ദുരുപയോഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ വിശ്വാസലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത് ഭാരതീയ ന്യായ സംഹിത 2023 ലെ 3(5), 316(2), 318(4) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാതെ ബാന്ദ്രയിലെ പെട്രോൾ പമ്പിൽ വച്ച് ഡ്രൈവർ കാർഡുകൾ ആവർത്തിച്ച് സ്വൈപ്പ് ചെയ്തു. പെട്രോൾ പമ്പ് ജീവനക്കാരനായ അരുൺ അമർ ബഹാദൂർ സിംഗിന്‍റെ സഹായത്തോടെയാണ് ഇത് ചെയ്തത്. ഫർഹാൻ അക്തറിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പെട്രോൾ ഉപയോഗ രേഖകളിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഈ തട്ടിപ്പ് വെളിച്ചത്തുവന്നത്.
കാറിലെ ടാങ്കിന്‍റെ ശേഷി 35 ലിറ്റർ ആയിരിക്കെ, 62 ലിറ്റർ വരെ ഇന്ധനം നിറച്ചതായി ഇടപാടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ മൂന്ന് വർഷത്തിലേറെയായി താൻ ഫ്യുവൽ കാർഡുകൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഡ്രൈവർ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.


