മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം അവതരിപ്പിച്ചതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ചു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. പത്മരാജന്‍റെ രചനയിലും സംവിധാനത്തിലും 1986ല്‍ പ്രദര്‍ശനത്തിനെത്തിയ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ 'സോളമന്‍' എന്ന നായക കഥാപാത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് പറയുന്നു ദുല്‍ഖര്‍. സോളമന്‍ നായിക സോഫിയ (ശാരി)യോട് പറയുന്ന ഡയലോഗ് സഹിതമാണ് ദുല്‍ഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

"സോളമന്‍: രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങിവരാമെന്നു പറഞ്ഞിട്ട്?.. താങ്കള്‍ ചെയ്‍ത വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍, എന്‍റെ എക്കാലത്തെയും പ്രിയ ചിത്രത്തിലെ പ്രിയപ്പെട്ട കഥാപാത്രം. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് വളരെ വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എപ്പോഴും സ്നേഹം. ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി പുറത്തുവിട്ട വീഡിയോ വൈറല്‍ ആയിരുന്നു. "വളരെ നീണ്ട ഒരു യാത്രയാണ് ഞങ്ങളുടേത്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്‍റെ മോളുടെ വിവാഹം, മോന്‍റെ വിവാഹം.. ഇതൊക്കെ ലാല്‍ സ്വന്തം വീട്ടിലേതുപോലെ നിന്ന് നടത്തിത്തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അപ്പു (പ്രണവ് മോഹന്‍ലാല്‍) ആദ്യമായി സിനിമയിലേക്ക് പോകുന്നതിന് മുന്‍പ് എന്നെ വീട്ടില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. സിനിമയിലെ സഹ അഭിനേതാക്കള്‍ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളര്‍ന്നിരുന്നു. അത് ഈ യാത്രയിലെ മറക്കാനാവാത്ത കാര്യമാണ്. ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാം", മമ്മൂട്ടി പറഞ്ഞു.