മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വന്നേക്കുമെന്ന് ദുല്‍ഖര്‍. 

മമ്മൂട്ടിക്കൊപ്പം എന്നാണ് അഭിനയിക്കുക എന്ന ചോദ്യം മിക്ക അഭിമുഖങ്ങളിലും ദുല്‍ഖര്‍ നേരിടേണ്ടി വരാറുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അത് മലയാളത്തിന്റെ അഭിമാന ചിത്രമാകും എന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് രസകരമായ ഒരു കമന്റ് ദുല്‍ഖര്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ പോക്ക് പോകേണ്ടി വന്നാല്‍ താൻ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വരുമെന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ തമാശയായി പറയുന്നത്.

ആര്‍ ബല്‍കി സംവിധാനം ചെയ്‍ത 'പാ' എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചൻ അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. അങ്ങനെയൊരു പ്രൊജക്റ്റ് താങ്കള്‍ക്കും മമ്മൂട്ടിക്കും വന്നാല്‍ എങ്ങനെയായിരിക്കും എന്ന സാങ്കല്‍പിക ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍. അത് അത്ര അദ്ഭുതമല്ല. താടി കറുപ്പിക്കാൻ ഞാൻ ഇപ്പോഴേ മസ്‍കാരയൊക്കെ ഇട്ടുതുടങ്ങി. താടിയില്‍ ഇടയ്ക്ക് പിടിക്കുന്നതുകൊണ്ട് എന്റെ വിരല്‍ മസ്‍കാര പറ്റി കറുത്തിരിക്കും. എനിക്ക് പ്രായം പ്രകടമാകുന്നുണ്ട്. അദ്ദേഹം അങ്ങനെയല്ല. എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ ഞാൻ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കേണ്ടി വന്നേക്കും. അതും പ്രോസ്‍തറ്റിക് ഒന്നും കൂടാതെ തന്നെ എന്നുമായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ആരാധകൻ എന്ന നിലയില്‍ ഒന്നിച്ച് അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ആര്‍ ബല്‍കി ആണ് സംവിധാനം ചെയ്യുന്നത്. രചനയും ബല്‍കിയുടേതാണ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. 'സീതാ രാമം' ആണ് ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി