ദുല്‍ഖറിന്റെ ജനപ്രിയ കഥാപാത്രങ്ങളില്‍ ആവര്‍ത്തിക്കുന്ന ചില സമാനതകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. വീട്ടുകാരുമായി അത്ര രസത്തിലല്ലാത്ത, വീടുവിട്ടിറങ്ങുന്ന, അല്ലെങ്കില്‍ ബൈക്കില്‍ ദീര്‍ഘസഞ്ചാരം നടത്തുന്ന കഥാപാത്രങ്ങള്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ക്കൊക്കെ ഇപ്പറഞ്ഞതില്‍ ഏതെങ്കിലുമൊക്കെ സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ കഥാപാത്രവും ഈ സ്വഭാവങ്ങളൊക്കെ ഉള്ളയാളാണോ? അതോ വ്യത്യസ്തനാണോ? ചിത്രത്തിന്റെ പ്രചരണാര്‍ഥം ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ ചോദ്യത്തിന് ദുല്‍ഖര്‍ രസകരമായി മറുപടി പറഞ്ഞു.

"ഇതില്‍ ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ല. വീട്ടുകാരുമായി ഉടക്കുന്നില്ല. അര്‍ബന്‍ എലീറ്റ് അല്ല. നാടന്‍ പയ്യനാണ്. പടത്തില്‍ മുണ്ടാണ് ഉടുക്കുന്നത്. ബൈക്കില്ല. എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്. ജനിച്ചുവളര്‍ന്ന നാട്ടില്‍ത്തന്നെ അവസാനം വരെ ജീവിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ്. ഗൃഹാതുരത ഉള്ളയാളാണ്", 'യമണ്ടന്‍ പ്രേമകഥ'യിലെ കഥാപാത്രത്തെക്കുറിച്ച് ദുല്‍ഖര്‍.

ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ' ആയിരുന്നു. തെലുങ്കില്‍ 'മഹാനടി'യും ബോളിവുഡിലെ അരങ്ങേറ്റചിത്രം 'കര്‍വാനും' പിന്നാലെയെത്തി. 

ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് ഇത്. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്. ക്ലീന്‍-യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 25ന് തീയേറ്ററുകളിലെത്തും.