ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പി'ന്റെ ടീസർ പുറത്തിറങ്ങി. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. 

ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്, പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.

YouTube video player