തമിഴ് നടൻ കരുണാസ്, നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ചു. ശ്രീനിവാസന്റെ 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയുടെ തമിഴ് റീമേക്കായ 'ദിണ്ടിഗൽ സാരഥി'യിൽ കരുണാസ് ആയിരുന്നു നായകൻ.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് തമിഴ് നടൻ കരുണാസ്. മലയാളത്തിൽ വലിയ ഹിറ്റായ ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ കരുണാസ് ആയിരുന്നു നായകനായി എത്തിയിരുന്നത്. സിനിമയുടെ ഘട്ടത്തിൽ താൻ ശ്രീനിവാസനെ നേരിട്ട് കാണുകയും ശ്രീനിവാസന്റെ ശരീരഭാഷ പഠിക്കുകയും ചെയ്തുവെന്ന് കരുണാസ് പറയുന്നു.
"എല്ലാവർക്കും നമസ്കാരം. ഇന്ത്യയിലെ തന്നെ വളരെ മികവുള്ള കലാകാരനാണ് ശ്രീ. ശ്രീനിവാസൻ. സംവിധായകൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ആദരവ് നേടിയിട്ടുള്ള അതുല്യ പ്രതിഭ. അദ്ദേഹം സംവിധാനം ചെയ്ത 'വടക്കു നോക്കി യന്ത്രം' എന്ന സിനിമയുടെ തമിഴ് പതിപ്പായ 'ദിണ്ടിഗൽ സാരഥി' എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത്, ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുകയും അദ്ദേഹത്തിൽ നിന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ പഠിക്കുകയും ചെയ്തു." കരുണാസ് പറയുന്നു.
"അപ്പോൾ, ഈ ചിത്രം തീർച്ചയായും ഒരു വലിയ വിജയമാകുമെന്നും നിങ്ങൾ ഈ വേഷത്തിന് വളരെ അനുയോജ്യനാണെന്നും അദ്ദേഹം എന്നെ അഭിനന്ദിച്ചു. ഇത്രയും മികച്ച ഒരു കലാകാരനെ ഇന്ന് ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ വളരെ സങ്കടമുണ്ട്. എന്റെ പേരിലും, ഞാൻ ഉൾപ്പെടുന്ന നടികർ സംഘത്തിന്റെ പേരിലും, എന്റെ കുടുംബത്തിന്റെ പേരിലും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും എന്റെ അനുശോചനം അറിയിക്കുന്നു." സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ കരുണാസ് പറഞ്ഞു.


