ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.
തമിഴ് താരം ധനുഷിനെ നായകനാക്കി ശേഖര്‍ കമ്മൂല ഒരുക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'കുബേര' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കാൻ ദുല്‍ഖര്‍ സല്‍മാൻ. വേഫെറര്‍ ഫിലിംസാണ് പടം കേരളത്തിലെത്തിക്കുക. ചിത്രം ആഗോള റിലീസായി ജൂണ്‍ 20-ന് പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ വമ്പന്‍ റിലീസായാണ് ചിത്രം വേഫെറര്‍ ഫിലിംസ് എത്തിക്കുന്നത്.
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. വലിയ താരനിരയുമായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം.
ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പിന്നലെ നാഗാര്‍ജ്ജുനയുടെയും രശ്മികയുടെയും ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. ചിത്രം പണം അടിസ്ഥാനമാക്കിയ ഒരു ത്രില്ലറാണ് എന്നാണ് വിവരം. ഒരു പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയുടെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു.
ധനുഷിന്‍റെ അവസാനം ഇറങ്ങിയ ചിത്രം രായന്‍ ആയിരുന്നു. ധനുഷ് എഴുതി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്‍റെ 50മത്തെ ചലച്ചിത്രം ആയിരുന്നു. ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു ചിത്രം. എആര്‍ റഹ്മാന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.



