ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കിട്ട് ദുര്‍ഗ കൃഷ്ണ.
അമ്മയാകാൻ ഒരുങ്ങി നടി ദുർഗ കൃഷ്ണ. താരം തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആരാധകരോടായി പങ്കുവച്ചത്. സിമ്പിളി ദുർഗ എന്ന പേരിൽ നടിയൊരു യുട്യൂബ് ചാനൽ ഇന്ന് തുടങ്ങിയിരുന്നു. ഇതിന്റെ ആദ്യ വീഡിയോയിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ദുർഗ അറിയിച്ചത്.
'ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു' എന്ന് കുറിച്ചു കൊണ്ടായിരുന്നു ദുര്‍ഗ വീഡിയോ പങ്കിട്ടത്. പിന്നാലെ ആശംസകളുമായി സിനിമാ തരങ്ങള്‍ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തന്‍റെ മറ്റ് വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ യുട്യൂബ് ചാനലിലൂടെ അറിയിക്കുമെന്നും ദുര്‍ഗ അറിയിച്ചിട്ടുണ്ട്.
2021 ഏപ്രിൽ 21ന് ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്‍റെ ഫോട്ടോകളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ഉടൽ, കുടുക്ക് എന്നീ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സിനിമയുടെ പേരില്‍ വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ അടക്കം ദുര്‍ഗയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഭര്‍ത്താവിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു.
അയ്യര്‍ ഇന്‍ അറേബ്യയാണ് ദുര്‍ഗയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ധ്യാന്‍ ശ്രീനിവസാന്‍ ആയിരുന്നു നായകന്‍. ഉര്‍വശി, മുകേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയ സിനിമ നിലവില്‍ ഒടിടിയില്‍ ലഭ്യമാണ്.



