തെന്നിന്ത്യൻ സിനിമയുടെ തല അജിത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുല്‍ഖര്‍ സൽമാൻ. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ താരത്തിന് ആശംസകൾ നേർന്നത്. ‘പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍ സ്റ്റൈലിഷ് അജിത്ത് സര്‍’ എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കിൽ കുറിച്ചത്. 

മലയാളികളുടെ പ്രിയ നടി ശാലിനിയെ വിവാഹം ചെയ്ത് മലയാളക്കരയുടെ മരുമകനായി മാറിയ അജിത്തിന് കേരളത്തിലും ധാരാളം ആരാധകരുണ്ട്. 1971 മെയ് ഒന്നിന് പാലക്കാട് ജനിച്ച അജിത് കുടുംബത്തോടൊപ്പം ഒരു മാസത്തിനുള്ളില്‍ തന്നെ ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേക്ക് മാറുകയായിരുന്നു.

‘അമരാവതി’ എന്ന ചിത്രത്തിലൂടെ  21-ാമത്തെ വയസിലാണ് അജിത്ത് തന്റെ സിനിമാ മേഖലയിൽ ചുവടുറപ്പിക്കുന്നത്. പിന്നീട് പ്രേമപുസ്തകമെന്ന തെലുങ്ക് ചിത്രത്തിലൂടെ താരം നായകനായും തുടക്കം കുറിച്ചു. തുടർന്ന് നിരവധി ഹിറ്റ് റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം യുവാക്കളുടെ ഇടയിൽ ഹരമായി മാറുകയായിരുന്നു. വാലി (1999) എന്ന ചിത്രത്തിന് അജിത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു.