കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്

പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചില സംവിധായക- താര കോമ്പിനേഷനുകള്‍ ഉണ്ട്. അതത് മേഖലകളില്‍ അവര്‍ ചെയ്ത വര്‍ക്കുകളോ ഒരുമിച്ച് ഉണ്ടായിട്ടുള്ള മുന്‍ ചിത്രങ്ങളോ ആവാം അതിന് കാരണം. അത്തരത്തിലുള്ള ഒരു കൂട്ടുകെട്ട് ആണ് മണി രത്നം- കമല്‍ ഹാസന്‍. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂ. പക്ഷേ അത് മതി ആ കൂട്ടുകെട്ട് വീണ്ടും സംഭവിക്കണമെന്ന് ഒരു പ്രേക്ഷകന് ആഗ്രഹിക്കാന്‍. 1987 ല്‍ പുറത്തെത്തിയ നായകനാണ് ആ ചിത്രം. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിതാ ആ ചിത്രത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില സുപ്രധാന താരനിര്‍ണ്ണയങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. തൃഷ നായികയാവാന്‍ സാധ്യതയുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയും രണ്ട് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസനും മണി രത്നത്തിനുമൊപ്പം മുന്‍പ് രണ്ട് ചിത്രങ്ങളില്‍ വീതം തൃഷ ഒരുമിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വനില്‍ ജയം രവിയും ഓകെ കണ്‍മണിയില്‍ ദുല്‍ഖറും മണി രത്നത്തിനൊപ്പം മുന്‍പ് പ്രവര്‍ത്തിച്ചു. അതേസമയം സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. 

രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍കി 2898 എഡി, തുനിവിന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, ഷങ്കറിന്‍റെ ഇന്ത്യന്‍ 2 എന്നിവയാണ് കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ALSO READ : 'ജയിലറി'നെ തൂക്കുമോ 'ലിയോ'? റിലീസിന് 37 ദിവസം ശേഷിക്കെ റെക്കോര്‍ഡുമായി വിജയ് ചിത്രം

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ