റിലീസിന് ആറ് ആഴ്ചകള്‍ക്ക് മുന്‍പാണ് യുകെ ബുക്കിംഗ് ആരംഭിച്ചത്

തമിഴ് സിനിമ വളര്‍ച്ചയുടെ പാതയിലാണ്. ഇന്ത്യന്‍ ഭാഷാ സിനിമകളിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രികളിലൊന്നാണ് നേരത്തേതന്നെ കോളിവുഡ്. എന്നാല്‍ പാന്‍ ഇന്ത്യന്‍ സിനിമകളുടെ സമീപകാലത്ത് പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിലും കളക്ഷന്‍റെ വലിപ്പത്തിലും വിസ്മയിപ്പിക്കുകയാണ് കോളിവുഡ്. കഴിഞ്ഞ ഒരു മാസമായി തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നെങ്കില്‍ ഇനി അത് വിജയ് ചിത്രം ലിയോ ആണ്. വിക്രത്തിന് ശേഷം സ്റ്റാര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന ഹൈപ്പോടെ എത്തുന്ന ലിയോ ഒക്ടോബര്‍ 19 നാണ് തിയറ്ററുകളില്‍ എത്തുന്നത്. റിലീസിന് ഒരു മാസത്തിലേറെ ശേഷിക്കുമ്പോള്‍ ചിത്രം ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

യുകെയിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളിലാണ് ലിയോ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 7 നാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. അതായത് റിലീസിന് ആറ് ആഴ്ചകള്‍ക്ക് മുന്‍പ്. ആദ്യദിനങ്ങളില്‍ തന്നെ വലിയ പ്രതികരണമാണ് കാണികള്‍ നല്‍കിയത്. ആദ്യ 24 മണിക്കൂറില്‍ തന്നെ 10,000 ല്‍ അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. ഇപ്പോഴിതാ അഞ്ച് ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യ അഞ്ച് ദിവസത്തെ ബുക്കിംഗ് കൊണ്ട് യുകെയിലെ റിലീസ് ദിന കളക്ഷനില്‍ ചിത്രം ഒരു കോടി പിന്നിട്ടിരിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll to load tweet…

ഇന്ത്യന്‍ സിനിമയില്‍ നിന്ന് തന്നെ ആദ്യമായാണ് ഒരു ചിത്രം റിലീസിന് ആറ് ആഴ്ച മുന്‍പ് യുകെയില്‍ ബുക്കിംഗ് ആരംഭിക്കുന്നത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

ALSO READ : കേരളത്തില്‍ 'പഠാനോ'ളം ഓളമുണ്ടാക്കിയോ 'ജവാന്‍'? 5 ദിവസത്തെ കളക്ഷന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ