തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ദുൽഖർ സൽമാൻ(Dulquer Salmaan) നായകനാകുന്ന പുതിയ തമിഴ് ചിത്രം 'ഹേയ് സിനാമിക'യുടെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തും. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുൽഖറിന്റെ 33ാമത്തെ ചിത്രം കൂടിയാണ് ഹേയ് സിനാമിക. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം.
തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.
ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. 'കാക്ക കാക്ക', 'വാരണം ആയിരം', 'കടൽ', 'പികെ', 'തെരി' എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ 'ബിഗ് ബ്രദർ', 'ആദ്യരാത്രി', 'അതിരൻ', 'മധുരരാജ' എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.

