ആധാരമായ കേസ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ദുരൂഹത അവശേഷിപ്പിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം 'കുറുപ്പി'ന് ഇന്ന് തുടക്കം. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമാണിത്. കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത സിനിമയുമായി എത്തുന്നത്.

അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാനി യാസ് ഡിസൈന്‍ ചെയ്ത ഒരു ഫാന്‍ പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം ഇന്ന് തുടങ്ങുന്ന വിവരം ശ്രീനാഥ് പ്രേക്ഷകരുമായി പങ്കുവച്ചത്. ദുല്‍ഖറിന് ഒപ്പം അഭിനയിക്കുന്നവരുടെയും മറ്റ് ക്രൂ അംഗങ്ങളുടെയും വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും സംവിധായകന്‍ പറയുന്നു.