ആര്‍ഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ഒന്നിക്കുന്ന 'ഐ ആം ഗെയിം' തിയറ്ററുകളിലെത്തി.
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ ഹോം കമിംഗ്. അതും ആദ്യ ചിത്രമായ ആര്‍ഡിഎക്സിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്തിനൊപ്പം. ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ പ്രധാന പ്രീ റിലീസ് യുഎസ്‍പി ഇതായിരുന്നു. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഒരു മലയാള ചിത്രമായി മാത്രമല്ല ഐ ആം ഗെയിം എത്തിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകളും ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ഗെയിം. സെറ്റ്. ഗോ. ഈ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു, ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം, അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തിയിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാതാരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം".

