ദുല്‍ഖറിന്‍റെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രമായിരുന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തെത്തിയ 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍'. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത സിനിമ ഒരു റൊമാന്‍റിക് ഹെയ്സ്റ്റ് കോമഡി ചിത്രമായിരുന്നു. തമിഴിനൊപ്പം തെലുങ്ക് പതിപ്പും കൂടിയാണ് ഒരേ ദിവസം തീയേറ്ററുകളിലെത്തിയത്. 'കണുലു കണുലനു ദൊച്ചയണ്ടെ' എന്നായിരുന്നു ചിത്രത്തിന്‍റെ തെലുങ്ക് ടൈറ്റില്‍. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിലും തെലുങ്ക് പതിപ്പ് മികച്ച വിജയം നേടുകയാണ്.

തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലാണ് 'ദൊച്ചയണ്ടെ' പ്രദര്‍ശിപ്പിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രങ്ങളിലൊന്നാണ് ഇതെന്ന് അഹ വീഡിയോ അറിയിക്കുന്നു. 

ദുല്‍ഖറിനൊപ്പം റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജനി അഹത്യന്‍, ഗൗതം മേനോന്‍, അനീഷ് യൊഹാന്‍ കുരുവിള തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും വയാകോം 18 സ്റ്റുഡിയോസും സംയുക്തമായായിരുന്നു നിര്‍മ്മാണം. തമിഴ്, തെലുങ്ക് പതിപ്പുകളുടെ തീയേറ്റര്‍ റിലീസും വിജയമായിരുന്നു.