Asianet News MalayalamAsianet News Malayalam

ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ദുല്‍ഖര്‍, 'കിംഗ് ഓഫ് കൊത്ത' ഫസ്റ്റ് ലുക്ക്

പാൻ ഇന്ത്യൻ ചിത്രമായിട്ടാണ്  'കിംഗ് ഓഫ് കൊത്ത' ഒരുങ്ങുക.

 

Dulquer starrer new film King Of Kotha first look out
Author
First Published Oct 1, 2022, 6:22 PM IST

ദുല്‍ഖര്‍ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

പരുക്കൻ ലുക്കില്‍ മാസായിട്ടാണ് സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ ദുല്‍ഖറിനെ കാണാനാകുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

ആര്‍ ബല്‍കി സംവിധാനം ചെയ്‍ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്.  വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്‍ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായ 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി'ന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു.  ഇതിഹാസ പ്രണയകഥ  എന്ന വിശേഷണവുമായി അടുത്തിടെ എത്തിയ  'സീതാ രാമം' ദുല്‍ഖറിനെ തെലുങ്കിന്റെ പ്രിയതാരമാക്കി മാറ്റിയിരുന്നു.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

Follow Us:
Download App:
  • android
  • ios