ദുല്‍ഖര്‍ നായകനായ പുതിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.


ദുൽഖർ നായകനായ 'സീതാ രാമം' കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മനോഹരമായ ഒരു കവിത പോലെ പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ യു എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് കൂടി അദ്ദേഹം ഇപ്പോൾ കരസ്ഥമാക്കിയിരിക്കുകയാണ്. യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം 'സീതാ രാമം' കരസ്ഥമാക്കിയത്.

ദുൽഖർ, മൃണാൾ താക്കൂർ, രശ്‍മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത് . 'സല്യൂട്ട്', 'ഹേ സിനാമിക', 'കുറുപ്പ്' എന്നിവയാണ് 'സീതാ രാമ'ത്തിനു മുമ്പ് പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ.

'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.

നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Read More : ഇത് ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ പ്രണയ കാവ്യം, 'സീതാ രാമം' റിവ്യു