വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് നടൻ ദുല്‍ഖര്‍. ഹീറോകളെന്ന് വിളിച്ചാണ് ദുല്‍ഖര്‍ ആദരവ് രേഖപ്പെടുത്തിയത്. അവര്‍ പോരാടുകയും നമ്മുടെ സുരക്ഷയ്‍ക്കും സമാധാനത്തിനും വേണ്ടി ജീവത്യാഗം നടത്തുകയും ചെയ്‍തു.  നമ്മുടെ കുടുംബം സുരക്ഷിതമായിരിക്കാൻ അവരുടെ കുടുംബം ത്യാഗം ചെയ്‍തു. എന്നും ഓര്‍മ്മിക്കുമെന്നും സാമൂഹ്യ മാധ്യമത്തില്‍ എഴുതി.

കിഴക്കൻ ലഡാക്കില്‍ നയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഗല്‍വാൻ താഴ്‍വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.  ലഡാക്കിൽ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബു ഉൾപ്പടെയുള്ള 20 ധീരസൈനികരായിരുന്നു വീരമൃത്യു വരിച്ചത്. തിങ്കളാഴ്‍ച ഉച്ചതിരിഞ്ഞാണ് ഇന്ത്യൻ സംഘം പട്രോളിംഗിനായി അതിർത്തിയിൽ എത്തിയത്. 50 സൈനികർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘം ചൈനീസ് സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ചൈനീസ് സംഘം ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ സൈനികർ സ്ഥലത്തെത്തി. ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചായിരുന്നു ചൈനയുടെ പ്രകോപനം.