ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതിഥി തൊഴിലാളികളെ നാട്ടിലെത്തിച്ചതിന് സോനു സൂദിന് ആദരം അർപ്പിക്കുകയാണ് കൊൽക്കത്തയിലെ ദുർഗാപന്തൽ. ജീവനുറ്റ സോനുവിന്റെ പ്രതിമ സ്ഥാപിച്ചാണ് അധികൃതർ സോനുവിന് ആദരം അർപ്പിക്കുന്നത്. കെഷ്തോപൂർ പ്രഫുല്ല കാനൻ ദുർഗാ പൂജ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുർഗാ പൂജയ്ക്കുള്ള പന്തലിൽ സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളി കൊണ്ടു പോകുന്നതിനുള്ള ഒരു ബസിന്റെ പശ്ചാത്തലത്തിലാണ് സോനുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, തന്റെ  ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ പ്രതിമയെന്ന് സോനു ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗൺ സമയത്ത് കുടുങ്ങിപ്പോയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ബസ്, ട്രെയിൻ, വിമാന മാർഗങ്ങളിൽ സോനു നാട്ടിലെത്തിച്ചിരുന്നു. സോനുവിനെ കൂടാതെ അതിഥി തൊഴിലാളികളുടെ പാലായനം പശ്ചാത്തമാക്കി നിരവധി പ്രതിമകൾ ദുർഗാപൂജ പന്തലിൽ ഒരുക്കിയിട്ടുണ്ട്.