സുശാന്ത് സിം​ഗിന്റെ അകാല വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓർമ്മകൾ സാമൂ​ഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സുശാന്ത് അഭിനയരംഗത്ത് വരുന്നത്. ഇപ്പോഴിതാ സുശാന്തിനെ അനുസ്മരിച്ചുകൊണ്ട്  ഈ പരമ്പരയിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം  പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ഏക്താ കപൂർ.

ടെലിവിഷനിലെ സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ധാരാളം ആളുകൾ തന്നോട് ചോദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഏക്ത ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു. 

“ധാരാളം ആളുകൾ എന്നോട് സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ചോദിക്കുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ആദ്യ രംഗമാണിത്. ‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ എന്ന ടെലിവിഷൻ പരമ്പരയിലെ അദ്ദേഹത്തിന്റെ ആദ്യ രംഗമാണിത്. ആ പരമ്പരയിലെ സെക്കൻഡ് ഹീറോ ആയിരുന്നു അദ്ദേഹം. എന്നാൽ അതിനെക്കാൾ വലിയ കാര്യങ്ങൾ ചെയ്യുകയും ഉയരങ്ങളിൽ എത്തുകയും ചെയ്യുമെന്ന് അന്നേ എനിക്കറിയാമായിരുന്നു. മനോഹരമായ, ഈ പ്രകാശത്തിനും തിളങ്ങുന്ന ആത്മാവിനുമായി ധാരാളം സ്നേഹവും സമാധാനവും പ്രാർത്ഥനകളും,” ഏക്താ കപൂർ കുറിച്ചു.

‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ 2008 ൽ സ്റ്റാർ പ്ലസിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. പ്രീത് എന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. ഹർഷദ് ചോപ്ഡയും അദിതി ഗുപ്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.