Asianet News MalayalamAsianet News Malayalam

ഓഡിയോ ലോഞ്ചിനിടെയുള്ള വാക്കുതര്‍ക്കം: കങ്കണ മാപ്പ് പറയണമെന്ന് ആവശ്യം; ഖേദം പ്രകടിപ്പിച്ച് ഏക്താ കപൂര്‍

ജഡ്ജ്മെന്‍റല്‍ ഹെ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു വിവാദ സംഭവമുണ്ടായത്.

Ekta Kapoors apology accepted but will continue ban on Kangana Ranaut Journalists
Author
Mumbai, First Published Jul 11, 2019, 3:21 PM IST

കങ്കണ റണൗത് നായികയാകുന്ന പുതിയ സിനിമയായ ജഡ്ജ്മെന്‍റല്‍ഹെ ക്യാ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങ് വിവാദത്തില്‍. ചടങ്ങിനിടെയുണ്ടായ സംഭവത്തില്‍ കങ്കണ മാപ്പു പറയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് എത്തി. അതേസമയം മാപ്പ് പറയില്ലെന്നാണ് കങ്കണ റണൗത് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഏക്താ കപൂര്‍ അറിയിച്ചു.

ജഡ്ജ്മെന്‍റല്‍ ഹെ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു വിവാദ സംഭവമുണ്ടായത്. ചടങ്ങിനിടെ  കങ്കണ മാധ്യമപ്രവര്‍ത്തകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതാണ് വിവാദമായത്. ഉറി ആക്രമണത്തിന് ശേഷം ശബ്‍നം ആസ്‍മി പാക്കിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച താങ്കള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ചിത്രം മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്‍തതെന്ന ചോദ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്. നിങ്ങള്‍ എന്‍റെ സിനിമയെ മന:പൂര്‍വം അധിക്ഷേപിക്കുകയാണെന്ന് കങ്കണ ആരോപിച്ചു. 'മണികര്‍ണിക: ദ ക്വീന്‍ ഓഫ് ത്സാന്‍സി എന്ന ചിത്രത്തെ നിങ്ങള്‍ വിമര്‍ശിച്ചു. ഒരു സിനിമ നിര്‍മിക്കുന്നത് കുറ്റമാണോ. ദേശീയത വിഷയമാക്കി ഒരു ചിത്രമെടുത്തപ്പോള്‍ നിങ്ങള്‍ എന്നെ തീവ്രദേശീയ വാദിയെന്ന് വിളിച്ചുവെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകനും പ്രതികരിച്ചു. നിങ്ങളുടെ പെരുമാറ്റം അനീതിയാണെന്നും നിങ്ങള്‍ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു. എന്നാല്‍, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കങ്കണ പറഞ്ഞു. മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുമായിട്ടായിരുന്നു കങ്കണ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

തുടര്‍ന്ന്, കങ്കണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് എന്റര്‍ടെയ്ൻമെന്റ് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ദ എന്റര്‍ടെയ്‍ൻമെന്റ് ജേര്‍ണലിസ്റ്റ് ഗ്വില്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഏക്താ കപൂറിന് കത്തയയ്‍ക്കുകയായിരുന്നു. കങ്കണ മാപ്പു പറയണമെന്നും അല്ലെങ്കില്‍ ബഹിഷ്‍ക്കരിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ ഇത് ബാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ചടങ്ങിനിടെയുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഏക്താ കപൂര്‍ രംഗത്ത് എത്തുകയും ചെയ്‍തു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും ഏക്താ കപൂര്‍ വ്യക്തമാക്കി. ഏക്താ കപൂറിന്റെ ഖേദപ്രകടനം സ്വാഗതം ചെയ്യുന്നതായും കങ്കണയ്ക്കെതിരെയുള്ള ബഹിഷ്‍ക്കരണം തുടരുമെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios