"നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ നശിപ്പിക്കാൻ വേണ്ടിയല്ലാതെ, പണത്തിനു വേണ്ടി ആരെങ്കിലും ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല"

മലയാള സിനിമകള്‍ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന സമയത്ത് തിയറ്ററുകളിലെത്തി പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണ് ഇലവീഴാപൂഞ്ചിറ (Elaveezhapoonchira). ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ സൌബിന്‍ ഷാഹിര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യാനുഭവമാണെന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ക്കിടെ തങ്ങളെ വിഷമിപ്പിക്കുന്ന ഒര സംഭവത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിഷ്‍ണു വേണു (Vishnu Venu). ചിത്രത്തിന്‍റെ വ്യാജപതിപ്പ് ചില സൈറ്റുകള്‍ വഴി പ്രചരിക്കുന്നു എന്നതാണ് അത്. ഒരു തിയറ്റര്‍ പ്രിന്‍റ് ആണ് അത്. കേരളത്തിലെ ഏതെങ്കിലും തിയറ്ററുകളില്‍ നിന്നാണ് ആ പ്രിന്‍റ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാവ് പറയുന്നു. തങ്ങള്‍ നിയമവഴിയേ നീങ്ങുമെന്നും.

നിര്‍മ്മാതാവ് വിഷ്‍ണു വേണുവിന്‍റെ പ്രതികരണം

കേരളത്തിലെ തിയറ്ററുകളില്‍ മാത്രം ജൂലൈ 15നു റിലീസ് ചെയ്ത, ഞങ്ങളുടെ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ അവസ്ഥയാണിത്. ആദ്യ 3 ദിവസങ്ങളിൽ നല്ല രീതിയിൽ കളക്ഷൻ കിട്ടിയ ചിത്രത്തിനു നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ചില സൈറ്റുകളിൽ തിയറ്റര്‍ പ്രിന്റ് വന്നിരിക്കുകയാണ്. കേരളത്തിലെ 120 തിയറ്ററുകളിലെ ഏതെങ്കിലും ഒരു തിയറ്ററില്‍ നിന്നല്ലാതെ ഇതാർക്കും ചെയ്യാൻ പറ്റില്ല. കേരളത്തിന്‌ പുറത്തു നിന്നാണ് ഇത് ചെയ്യുന്നതെന്ന സ്ഥിരം കമെന്റുകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ആദ്യ വാരം ഇവിടെ മാത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

ഇതോടെ കേരളത്തിനുള്ളിലും ഈ പരിപാടി നടക്കുന്നുണ്ടെന്നു മനസ്സിലായ സ്ഥിതിക്ക് നിയമപരമായി ഇതിനെ നേരിടാൻ തീരുമാനിച്ചു. നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ നശിപ്പിക്കാൻ വേണ്ടിയല്ലാതെ, പണത്തിനു വേണ്ടി ആരെങ്കിലും ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അത്ര അസഹിഷ്ണുത ഉള്ള ആ മലയാളി ഒന്നുകിൽ തിയറ്ററുമായി ബന്ധപ്പെട്ട ഒരാൾ അല്ലെങ്കിൽ ഇത് നശിപ്പിക്കാൻ വേണ്ടി മനപ്പൂർവം ഇറങ്ങിയ ഏതോ സഹപ്രവർത്തകൻ, നല്ല ചൂട് ചായയും കുടിച്ചു ഏതെങ്കിലും സംഘടന ഓഫീസിൽ ഇരിക്കുന്നുണ്ടാകും. സിനിമയോടുള്ള അടങ്ങാത്ത പാഷൻ കൊണ്ട് ഇത്തരം സൃഷ്ടികൾ ഉണ്ടാക്കാൻ രക്തം കൊടുത്തു നിൽക്കുന്നതിനൊന്നും ഒരു പ്രസക്തിയുമില്ലെന്നെ. മലയാള സിനിമ നീണാൾ വാഴട്ടെ. 

ALSO READ : ജോജു മികച്ച നടന്‍, ദുര്‍​ഗ നടി; ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു