Asianet News MalayalamAsianet News Malayalam

ഇതിഹാസതുല്യമായ ജീവിതത്തിന് വിട! വിഖ്യാതനടൻ ദിലീപ് കുമാർ അന്തരിച്ചു

98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 

eminent actor dilip kumar passed away
Author
Mumbai, First Published Jul 7, 2021, 8:13 AM IST

മുംബൈ: ഹിന്ദി സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു.  98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 

ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം. 

ഇതിഹാസതുല്യം ആ 'വിഷാദനായക'ന്‍റെ ജീവിതം

മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി. നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്. 

1944-ൽ ദേവികാ റാണി നിർമ്മിച്ച 'ജ്വാർ ഭാത'യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. 'ദീദാർ', 'അമർ' തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത  ദിലീപ് കുമാര്‍ ചിത്രം 'ദേവദാസ്' സൂപ്പര്‍ഹിറ്റായി. 'ഗംഗാജമുന', 'രാം ഔർ ശ്യാം' തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി. 

'ഗംഗാജമുന' എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാതാവായി അദ്ദേഹം. 'കലിംഗ' എന്ന ചിത്രത്തിലൂടെ സംവിധായകനായെങ്കിലും ചിത്രം റിലീസായില്ല. നിരവധി ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച, തന്നെക്കാൾ 22 വയസ്സിനിളപ്പമുള്ള സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം. 

1976 മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാർ 1981-ൽ വീണ്ടും വെള്ളിത്തിരയിലെത്തി. 1998-ൽ ഡബിൾ റോളിലെത്തിയ 'ക്വില'യാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രം. 

ദേവദാസ്, മുഗൾ ഇ അസം, മധുമതി, ക്രാന്തി എന്നിവ അടക്കം ദിലീപ് കുമാർ അഭിനയിച്ച നിരവധി ചിത്രങ്ങൾ ഇന്ത്യൻ സിനിമാചരിത്രത്തിന്‍റെ ഭാഗമാണ്. ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാർ.  

രാജ്യത്തെ പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്). 

1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ  നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്‍റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.

മലയാളിയും മുതിർന്ന സിനിമപത്രപ്രവർത്തകയും സ്ക്രീൻ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് ദിലീപ് കുമാറിന്‍റെ ആത്മകഥയെഴുതിയത്. ദിലീപ് കുമാർ 10 വർഷം കൊണ്ട് പങ്കുവെച്ച ജീവിതകഥകൾ കോർത്തിണക്കി 'സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ' എന്ന പുസ്തകം പൂർത്തിയാക്കിയത്.  തിരുവനന്തപുരം കോർപ്പറേഷൻ കമ്മീഷണറായിരുന്ന വെള്ളയമ്പലം സ്വദേശി എസ് അയ്യപ്പൻ പിള്ളയുടെ മകളാണ് ഉദയതാര.

Follow Us:
Download App:
  • android
  • ios