ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു

മലയാള സിനിമയില്‍ എമ്പുരാനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വലുകള്‍ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍ തിയറ്ററുകളില്‍ വിജയമായ സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് എമ്പുരാന്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സാഹചര്യത്താല്‍ പ്രോജക്റ്റ് മുന്നോട്ട് തള്ളി പോവുകയായിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷന്‍ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ആരംഭത്തിന് അല്‍പം കൂടി വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അടക്കമുള്ളവര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുക നോയിഡയിലും ലഡാക്കിലുമായി ആയിരിക്കുമെന്നും ശ്രീധര്‍ പിള്ള കുറിക്കുന്നു. 

Scroll to load tweet…

എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത്

എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിം​ഗിന് അനുയോജ്യം ആവുക. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം. 

ALSO READ : ടെലിവിഷന്‍ പ്രീമിയറിന് 'രോമാഞ്ചം'; തീയതി പ്രഖ്യാപിച്ചു

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan