മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചും കേസിൽ മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ചും പ്രതികരിച്ച് നടൻ ഇമ്രാൻ ഹാഷ്മി. സുശാന്തിന്റെ മരണവും കേസുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ സർക്കസ്സായി മാറിയിരിക്കുകയാണെന്ന് ഹാഷ്മി പറഞ്ഞു.

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഇമ്രാൻ ഹാഷ്മിയുടെ പ്രതികരണം. ഇത്തരം സർക്കസ്സുകളിൽ നിന്ന് താൻ വിട്ടു നിൽക്കുകയാണെന്നും സുശാന്തിന്റെ കുടുംബത്തിന്റെ മനോവികാരങ്ങൾക്കൊപ്പം നിൽക്കുവാനാണ് താത്‌പര്യപ്പെടുന്നതെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും ഇമ്രാൻ ഹാഷ്മി പ്രതികരിച്ചു. പണ്ടു മുതലേ താരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോ പ്രശ്‌നങ്ങളാണ് എല്ലാത്തിനും തുടക്കമിട്ടത്. ഇത്തരം വിവാദങ്ങൾ സിനിമാ മേഖലയെ കൂടുതൽ വിഷമയമാക്കിയെന്നും വേ​ഗം തന്നെ എല്ലാം നിലയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.

അതേസമയം, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബീഹാർ സർക്കാർ.എന്നാൽ, അന്വേഷണത്തിൽ ബീഹാറുമായി സഹകരിക്കേണ്ടതില്ലെന്നാണ് മഹാരാഷ്ട്രയുടെ തീരുമാനം. ഇത് സംശയാസ്പദമാണെന്ന് ആരോപിച്ച് ബിഹാർ ഡിജിപി രം​ഗത്തെത്തിയിരുന്നു. 

സുശാന്ത് സിം​ഗിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. കേസ് അന്വേഷണത്തിന് മുംബൈയിൽ എത്തിയ ബിഹാർ പൊലീസിനോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോടും സംസാരിക്കണം എന്നും ചിരാഗ് പാസ്വാൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Read Also: സുശാന്ത് സിം​ഗിന്റെ മരണം; മുംബൈ പൊലീസിനെതിരെ ആരോപണം, തമ്മിലടിച്ച് മഹാരാഷ്ട്രയും ബിഹാറും