വലതുവശത്തെ കള്ളനെ കുറിച്ച് മാര്‍ക്കോ സംവിധായകൻ ഹനീഫ് അദേനി.

ജീത്തു ജോസഫിന്‍റെ 'വലതുവശത്തെ കള്ളൻ' എന്ന ചിത്രം കണ്ടശേഷം മലയാള സിനിമയിലെ സ്റ്റൈലിഷ് പടങ്ങളുടെ സംവിധായകൻ ഹനീഫ് അദേനി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. സിനിമ കേവലം ഒരു ത്രില്ലർ എന്നതിലുപരി, പ്രേക്ഷകന്‍റെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരിക യാത്രയാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

ചിത്രത്തെ വിശേഷിപ്പിക്കാൻ അദ്ദേഹം പ്രധാനമായും മൂന്ന് വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 'വേട്ടയാടുന്ന, സത്യസന്ധമായ, വൈകാരികമായ' അനുഭവം എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞാലും അതിലെ കഥാസന്ദർഭങ്ങൾ നിങ്ങളെ പിന്തുടരും, ഒട്ടും നാടകീയതകളില്ലാതെ ഒരു അച്ഛന്‍റെ വികാരങ്ങളെ സത്യസന്ധമായി ചിത്രം ആവിഷ്കരിച്ചിട്ടുണ്ട്, ഉള്ളിൽ ഒരു നോവോടെയല്ലാതെ ഈ ചിത്രം കണ്ടുതീർക്കാൻ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ഈ വാക്കുകളിലൂടെ അർത്ഥമാക്കിയിരിക്കുന്നത്.

മിക്ക കുറ്റാന്വേഷണ സിനിമകളും ബുദ്ധിപരമായ നീക്കങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇവിടെ ജീത്തു ജോസഫ് പ്രേക്ഷകരുടെ ഹൃദയത്തെയാണ് സ്പർശിക്കുന്നത്. ഇതൊരു 'അച്ഛന്‍റെ തിരഞ്ഞെടുപ്പാണ്'. തന്‍റെ മകൻ അല്ലെങ്കിൽ മകള്‍ ഒരപകടത്തിലാകുമ്പോൾ നിയമപുസ്തകങ്ങൾ നോക്കിയല്ല ഒരച്ഛൻ പ്രവർത്തിക്കുന്നത്. അയാൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നതിനേക്കാൾ, അത് മക്കളോടുള്ള സ്നേഹത്തിന്‍റെ ആഴമാണ് കാണിക്കുന്നത് എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. നിയമത്തെക്കുറിച്ചോ നീതിയെക്കുറിച്ചോ ചിന്തിക്കാൻ ഒരു അച്ഛന് ആ സമയം കഴിയില്ല. അവിടെ ഹൃദയം പറയുന്നതാണ് ശരി. ആ ഒരൊറ്റ തീരുമാനം അയാളുടെ ജീവിതത്തെ എങ്ങോട്ടാണ് നയിക്കുന്നത്? ആ തീരുമാനത്തിന് അയാൾ നൽകേണ്ടി വരുന്ന വില എന്താണ്? അത്തരത്തിലുള്ള സംഘർഷങ്ങളാണ് ഈ സിനിമയുടെ ജീവൻ.

സാധാരണ ക്രൈം സിനിമകളിൽ സസ്പെൻസ് ആണ് പിരിമുറുക്കം നൽകുന്നതെങ്കിൽ, ഇവിടെ അച്ഛൻ എടുക്കുന്ന ഓരോ തീരുമാനവും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതാണ്. "ഇനി എന്ത് സംഭവിക്കും?" എന്നതിലുപരി ഞാനാണ് ആ സ്ഥാനത്തെങ്കിൽ എന്ത് ചെയ്യുമായിരുന്നു? എന്ന ചിന്തയാണ് പ്രേക്ഷകനിൽ ഉണ്ടാകുന്നത്. ദൃശ്യവും മെമ്മറീസും ഉള്‍പ്പെടെയുള്ള ത്രില്ലറുകള്‍ ഒരുക്കിയിട്ടുളഅള ജീത്തു ജോസഫ് ത്രില്ലർ സിനിമകൾക്ക് പുതിയൊരു നിർവ്വചനം നൽകുകയാണ് ഈ സിനിമയിലൂടെ. സാധാരണയായി നമ്മൾ കാണുന്ന ട്വിസ്റ്റുകൾക്കും സർപ്രൈസുകൾക്കും അപ്പുറം, മനുഷ്യബന്ധങ്ങളുടെ തീവ്രതയിലൂടെ കഥ പറയുന്ന ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. "മക്കൾക്ക് വേണ്ടി ഒരു അച്ഛൻ എത്ര ദൂരം പോകും? ആ യാത്രയിൽ അയാൾക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങൾ എന്തൊക്കെയാവാം? ഈ ചോദ്യങ്ങൾക്കുള്ള ഹൃദയസ്പർശിയായ മറുപടിയാണ് വലതുവശത്തെ കള്ളൻ."ഇതൊരു കുറ്റകൃത്യത്തിന്‍റെ കഥയല്ല, ഒരു അച്ഛന്‍റെ കഥയാണ് എന്നാണ് സിനിമ കണ്ടുകഴിഞ്ഞ പ്രേക്ഷകരുടെ സാക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക