നവാഗതനായ ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും
നവാഗത സംവിധായകന്‍റെ ചിത്രത്തില്‍ ജയസൂര്യയും (Jayasurya) കുഞ്ചാക്കോ ബോബനും (Kunchacko Boban) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എന്താടാ സജി (Enthaada Saji) എന്നാണ് പേരിട്ടിരിക്കുന്നത്. ജയസൂര്യയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവേദ തോമസ് ആണ് നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂജ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു. തൊടുപുഴ പെരിയാമ്പ്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ആയിരുന്നു പൂജ ചടങ്ങിന്‍റെ വേദി.
ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.
കമല്‍ കെ എം സംവിധാനം ചെയ്‍ത പടയാണ് ചാക്കോച്ചന്‍റേതായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ അവസാന ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം മലയാളത്തിലും തമിഴിലുമായി എത്തുന്ന രണ്ടകം/ ഒറ്റ്, അജയ് വാസുദേവിന്‍റെ പകലും പാതിരാവും, മഹേഷ് നാരായണന്‍റെ അറിയിപ്പ്, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിരയുടെ തുടര്‍ച്ചയായ ആറാം പാതിരാ തുടങ്ങി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
അതേസമയം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണിയാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം. മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോ, ഭീഷ്‍മ പര്‍വ്വത്തിന്‍റെ സഹ രചയിതാവ് രവി ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം റൈറ്റര്‍, നവാഗതനായ അഭിജിത്ത് ജോസഫിന്‍റെ ജോണ്‍ ലൂഥര്‍, ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രം, നാദിര്‍ഷയുടെ ഈശോ, ഹോം സിനിമയുടെ സംവിധായകന്‍ റോജിന്‍ തോമസിന്‍റെ കത്തനാര്‍ തുടങ്ങി ജയസൂര്യയുടേതും ആവേശകരമായ ലൈനപ്പ് ആണ്. ഇന്ത്യന്‍ സിനിമയുടെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്നാണ് കത്തനാര്‍ സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
