ഈടിവി ഉടമ റാമോജി റാവു അന്തരിച്ചു. 

ഈടിവിയുടെയും, ഈനാടിന്റെയും ഉടമയും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസ്സായിരുന്നു. ശ്വാസ തടസം നേരിട്ടതിനാല്‍ അദ്ദേഹം ആശുപ്രതിയില്‍ ചികിത്സയിലായിരുന്നു. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാനുമാണ് റാവു.

ആന്ധ്രാപ്രദേശില കൃഷ്‍ണ ജില്ലയിലാണ് റാമോജി രാവുവിന്റെ ജനനം. ഈടാനാട്, ഇടിവി നെറ്റ്, മയൂരി ഫിലിം ഡിസ്‍ട്രിബ്യൂഷൻ, മാര്‍ഗര്‍ശി ചിറ്റി ഫണ്ട്, കലാഞ്‍ജലി തുടങ്ങിയവയുടെ സംരഭകനായിരുന്നു. അദ്ദേഹം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവുമാണ്. മലയാളത്തില്‍ 1986ല്‍ ടി കൃഷ്‍ണയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ പകരത്തിന് പകരം എന്ന ചിത്രത്തിന്റ നിര്‍മാതാവാണ്.

വിവിധ ഭാഷകളിലായി നിര്‍മിച്ച 80 സിനിമകളില്‍ ശ്രീവരികി പ്രേമലേഖ, കാഞ്ചന ഗംഗ, മയൂരി, പ്രതിഘതന, പ്രേമിഞ്ചു പെല്ലുഡു, നാച്ചേ മയൂരി, പ്രതിഘട്ട്, പ്രേമയാനം, മൗന പോരാട്ടം, ജഡ്‍ജ്‍മെന്റ്, മാമസ‍രി, മനസു മംമ്‍ത, അശ്വിനി, പ്യൂപ്പിള്‍സ് എൻകൗണ്ടര്‍, തേജ, ചിത്രം, ഡോ. മുൻഷിര്‍ ഡയറി, ചിത്ര, ആനന്ദം, നീതോ, നിനഗഗി, ആനന്ദ, വീധി, സിക്സര്‍, സവാരി, ബെറ്റിംഗ് ബംഗരാജു, ബീരുവ എന്നിവയാണ് ശ്രദ്ധയാകര്‍ഷിച്ചവ. നുവ്വേ കാവാലിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ രാജ്യം പത്മവിഭൂഷൻ നല്‍കി ആദരിച്ചു അദ്ദേഹത്തെ. അര്‍ബുദ ബാധിതനായ അദ്ദേഹം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അതിജീവിച്ച് മടങ്ങിയെത്തിയിരുന്നത്.

ഭാര്യ രമാദേവിയാണ്. കിരണ്‍ പ്രഭാകറാണ് അദ്ദേഹത്തിന്റെ മകൻ. റാമോജി റാവുവിന്റെ മറ്റൊരു മകനും സംവിധായകനുമായ ചെറുകുരി സുമൻ 2012ല്‍ രക്താര്‍ബുദം ബാധിച്ച് മരിച്ചിരുന്നു. ആന്ധാ രാഷ്‍ട്രീയത്തിലടക്കം നിര്‍ണായക സ്വാധീനമുണ്ടായിരുന്നു അന്തരിച്ച റാമോജി റാവുവിന്.

Read More: കറങ്ങിത്തിരിഞ്ഞ് ത്രില്ലടിപ്പിക്കുന്ന ഗോളം- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക