സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഇവാന്‍ അനില്‍. 'ദൃശ്യ'ത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച 'ജോര്‍ജുകുട്ടി'യുടെ മകള്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങളിലെത്തിയ എസ്‍തര്‍ അനിലിന്‍റെ സഹോദരനാണ് ഇവാന്‍ അനില്‍. 'കാവലി'ല്‍ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തിലാണ് ഇവാന്‍ എത്തുന്നത്.

നേരത്തെ 'മന്ദാരം' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട് ഇവാന്‍. ഫോട്ടോഗ്രഫിയില്‍ അതീവ തല്‍പ്പരനായ ഇവാന്‍ ഫോട്ടോ ജേണലിസം കോഴ്സ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. 'കാവലി'ല്‍ ഛായാഗ്രാഹകനായ നിഖില്‍ എസ് പ്രവീണിനെ അസിസ്റ്റ് ചെയ്യാനുള്ള അവസരം ചോദിച്ചാണ് കുടുംബസുഹൃത്തായ രണ്‍ജി പണിക്കരെ സമീപിച്ചതെന്നും അതാണ് കഥാപാത്രത്തിലേക്ക് തന്നെ എത്തിച്ചതെന്നും ഇവാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

 

നേരത്തെ ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത 'ഗോദ'യില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഇവാന് ക്ഷണം ലഭിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഛായാഗ്രഹണത്തോട് അടങ്ങാത്ത അഭിനിവേശം സൂക്ഷിക്കുന്ന ഇവാന് യൂറോപ്പില്‍ പോയി ഒരു സിനിമാറ്റോഗ്രഫി കോഴ്സ് ചെയ്യണമെന്നാണ് ആഗ്രഹം. അതേസമയം ഇവാന്‍റെയും എസ്‍തറിന്‍റെയും അനുജനായ എറിക്കും മലയാളത്തില്‍ തിരക്കുള്ള ബാല നടനാണ്.