രണ്ട് ഒടിടി റിലീസുകള്‍ക്കു ശേഷം തിയറ്ററുകളിലെത്തുന്ന സൂര്യ ചിത്രം

തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കു പിന്നാലെ ഒരു സൂര്യ (Suriya) ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു. പാണ്ടിരാജിന്‍റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എതര്‍ക്കും തുനിന്തവന്‍' (Etharkkum Thunindhavan) ആണ് ഈ ചിത്രം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. 

Scroll to load tweet…

സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. തിയറ്ററുകളിലെ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ഒടിടി റിലീസിലൂടെയാണ് സൂര്യയ്ക്ക് രണ്ട് ഹിറ്റുകള്‍ തുടര്‍ച്ചയായി ലഭിച്ചത്. സുധ കൊങ്കര സംവിധാനം ചെയ്‍ത സൂരറൈ പോട്ര്, ത സെ ജ്ഞാനവേലിന്‍റെ ജയ് ഭീം എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍. ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു ഇരുചിത്രങ്ങളും.