ചെങ്ങന്നൂർ: അമരം സിനിമയിലെ ഗാനങ്ങൾ പാടാനെത്തിയ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അതിൽ നിന്ന് പിന്മാറിയതാണെന്ന പ്രചാരണം സത്യ വിരുദ്ധമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ബാബു തിരുവല്ല. ചെങ്ങന്നൂർ ഛായ നടത്തിയ എസ്പിബി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമരത്തിലെ പാട്ടു പാടാൻ എത്തിയ എസ്പിബി, ഇത് നിങ്ങൾ യേശുദാസിനു വേണ്ടി ഉണ്ടാക്കിയ പാട്ടുകളല്ലല്ലേ എന്ന് സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനോട് ചോദിച്ചെന്നും അദ്ദേഹത്തെ കൊണ്ടു തന്നെ പാടിക്കൂ എന്ന് പറഞ്ഞ്  എസ്പിബി മടങ്ങിയെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കഥ. 

അമരത്തിലെ പാട്ടുകൾ യേശുദാസിനെ കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചതെന്നും ഈ ചിത്രമെടുക്കുമ്പോൾ മലയാളത്തിൽ പാടാൻ യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെ തേടേണ്ട കാര്യമില്ലായിരുന്നുവെന്നും ബാബു തിരുവല്ല പറഞ്ഞു. 

ലോഹിതദാസിന്റെ സ്ക്രിപ്റ്റിൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 1991ലെ അമരം. ഈ ചിത്രത്തിൽ നാല് പാട്ടുകളാണുള്ളത്. ലതിക പാടിയ പാട്ടൊഴികെ ബാക്കിയെല്ലാം യേശുദാസാണ് പാടിയത്. കെ.എസ്. ചിത്രയാണ് മറ്റൊരു ഗായിക.