മാരി ശെല്‍വാരാജ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കാൻ ഫഹദ്.


'പരിയേറും പെരുമാള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി ശെല്‍വരാജ് (Mari Selvaraj). 'കര്‍ണ്ണൻ' എന്ന ധനുഷ് ചിത്രത്തിലൂടെയും മാരി ശെല്‍വരാജ് പ്രേക്ഷകരുടെ പ്രിയം നേടി. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് (Fahad) വില്ലനാകുന്നുവെന്നതാണ് റിപ്പോര്‍ട്ട്.

മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകൻ. കീര്‍ത്തി സുരേഷാണ് നായിക. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്ത് പ്രമേയമായിരിക്കും പുതിയ ചിത്രത്തില്‍ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ കരുത്തുറ്റ് പ്രമേയം തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്ന പ്രത്യേകതയുമുണ്ട്. മറ്റ് അഭിനേതാക്കളുടെ പേരുവിവരങ്ങളും ചിത്രത്തിന്റെ വിശേഷങ്ങളും വൈകാതെ പുറത്തുവിടും.

'വേലൈക്കാരൻ' എന്ന ഒരു ചിത്രത്തിലൂടെയാണ് ഫഹദ് ആദ്യമായി തമിഴിലെത്തിയത്. 2017ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ ആയിരുന്നു നായകൻ. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയ മികവ് തമിഴകത്തും അടിവരയിട്ടിരുന്നു ഫഹദ്. പുത്തൻ വില്ലൻ വേഷവും എന്തായാലും മികച്ച ഒന്നായിരിക്കും എന്ന് പ്രതീക്ഷിക്കാം.