ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും ഫഹദ്.

ഫഹദിന് ഗംഭീര അഭിപ്രായം നേടിക്കൊടുത്ത ചിത്രമാണ് 'വിക്രം'. കമല്‍ഹാസൻ നായകനായ ഹിറ്റ് ചിത്രം സംവിധാനം ചെയ്‍തതാകട്ടെ ലോകേഷ് കനകരാജും. ലോകേഷ് കനകരാജും ഫഹദും വീണ്ടും ഒന്നിച്ചേക്കും എന്നതാണ് പുതിയ വാര്‍ത്ത. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താനും ഉണ്ടായേക്കുമെന്ന് ഫഹദ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

'മാസ്റ്ററി'ന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ചിത്രത്തിലാണ് ഫഹദും നിര്‍ണായക കഥാപാത്രമായി എത്തുക. തൃഷ ആണ് ചിത്രത്തില്‍ നായികയാകുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് 'വാരിസ്' എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാര്‍ നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുമ്പോള്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വേഷമിടുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

Read More: 'തുനിവ്' കുതിപ്പ് തുടരുന്നു, അജിത്ത് ചിത്രത്തിന്റെ കളക്ഷൻ 200 കോടി കവിഞ്ഞു