ഫഹദ് നായകനായി എത്തിയ 'മലയന്‍കുഞ്ഞി'ന്റെ പ്രേക്ഷക പ്രതികരണം (Malayankunju). 

ഫഹദ് നായകനായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മലയന്‍കുഞ്ഞ്'. നവാഗതനായ സജിമോ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വേറിട്ട ഒരു ചിത്രമായിരിക്കും 'മലയന്‍കുഞ്ഞ്' എന്ന് ട്രെയിലര്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ പ്രതീക്ഷകളെല്ലാം ശരിവയ്‍ക്കുന്ന തരത്തില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് (Malayankunju).

ഫഹദിന്റെ ഗംഫീര പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലേത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം. മണ്ണിന്റെ അടിയിലായി കാണിക്കുന്ന സീനൊക്കെ ഫഹദ് ചെയ്തിരിക്കുന്നത് വേറെ ലെവൽ ആയിട്ടാണ് എന്ന് ചിത്രം കണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നു. ഫഹദിനെ ഫോക്കസ് ചെയ്‍തിട്ടാണ് ചിത്രം മുഴുവനും. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത് എന്നും അഭിപ്രായങ്ങള്‍ വരുന്നു.

മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിച്ചിരിക്കുന്നത്. സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നു. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന മലയാള സിനിമ എന്ന വിശേഷണത്തോടെയാണ് 'മലയന്‍കുഞ്ഞ്' തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. രജിഷ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആന്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പി കെ ശ്രീകുമാർ, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കർ, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം റിയാസ്- ഹബീബ്, ഡിസൈൻ ജയറാം രാമചന്ദ്രൻ, കളറിസ്റ്റ് ലിജു പ്രഭാകർ, മാർക്കറ്റിംഗ് ഹെയിൻസ്, വാർത്താ പ്രചരണം എം ആർ പ്രൊഫഷണൽ.

Read More : 'പാല്‍വര്‍ണ്ണ കുതിരമേല്‍', 'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്