മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ്- ഫഹദ് ചിത്രം 'ട്രാൻസ്' ട്രെയിലർ എത്തി. ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിൽ  ഫഹദ് എത്തുന്ന ചിത്രത്തില്‍ കിടിലന്‍ സ്റ്റൈലിലാണ് താരമെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം നസ്രിയയും ചിത്രത്തിലെ നായികയായി സിനിമ ലോകത്തേക്ക് തിരിച്ച് വരികയാണ്.

ഫഹദിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് ചിത്രത്തില്‍ കാണാനാവുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ട്രെയിലര്‍. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ തുടങ്ങിയ നീണ്ട നിര തന്നെ ഉണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്.