അഖില്‍ സത്യന്‍റെ ആദ്യ ചിത്രം

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ ആസ്വാദകശ്രദ്ധ നേടിയ ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ പേര്‍ കാണുന്നുണ്ട്. ഇതരഭാഷാ പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ മികച്ച പ്രതികരണം അറിയിക്കുന്നുണ്ട്. ചിത്രം ഏറെ ഇഷ്ടമായവരുടെ കൂട്ടത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം എം കീരവാണിയുമുണ്ട്. ചിത്രത്തെയും ഫഹദിന്‍റെ പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് കീരവാണി ഫഹദിന് അയച്ച വാട്സ്‍ആപ് മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് അഖില്‍ സത്യന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

കീരവാണിയുടെ മെസേജ് ഇങ്ങനെ- "പ്രിയ പാച്ചു, നീ നിന്‍റെ ഫാര്‍മസി സ്റ്റോര്‍ നേടിയെടുത്തു. ഹംസധ്വനിയെ (നായികാ കഥാപാത്രം) നേടി. എപ്പോഴത്തെയുംപോലെ എന്‍റെ ഹൃദയവും നീ കീഴടക്കിയിരിക്കുന്നു. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ലൈല എന്ന കഥാപാത്രത്തെ എന്‍റെ ഭാര്യ സുധ മൂര്‍ത്തിയുമായും ഈ രാജ്യത്തെ അനവധി കുലീനകളായ സ്ത്രീകളുമായും താരതമ്യം ചെയ്യുകയായിരുന്നു ഞാന്‍. ചിത്രത്തിന്റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍". 

ഫഹദിനൊപ്പം ഇന്നസെന്‍റും മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഞാൻ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രം കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖില്‍ സത്യൻ. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ മുമ്പ് സംവിധാനം ചെയ്‍തിട്ടുണ്ട്.

ALSO READ : നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു