ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ എബി വര്‍ഗീസ് സംവിധാനം ചെയ്ത് നാല് വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തിയ ചിത്രമാണ് 'മണ്‍സൂണ്‍ മാംഗോസ്'. ഇപ്പോഴിതാ ഈ ചിത്രം വീണ്ടും തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 20നാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. ചാനല്‍ ഫൈവ് റിലീസ്, സ്‌നേഹ റിലീസ് എന്നിവരാണ് വിതരണം. 

 

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയില്‍ ഒരു സംവിധാനമോഹിയായ ചെറുപ്പക്കാരന്റെ വേഷത്തിലായിരുന്നു ഫഹദ്. ഡേവിഡ് പള്ളിക്കല്‍ എന്ന ഡി പി പള്ളിക്കലായാണ് ഫഹദ് എത്തിയത്. വിജയ് റാസ്, വിനയ് ഫോര്‍ട്ട്, ടൊവീനോ തോമസ്, നന്ദു, സഞ്ജു ശിവറാം, ഐശ്വര്യ മേനോന്‍, അലന്‍സിയര്‍ തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ രചന സംവിധായകനൊപ്പം മാറ്റ് ഗ്രബ്, നവീന്‍ ഭാസ്‌കര്‍ എന്നിവരും ചേര്‍ന്നായിരുന്നു. ജേക്‌സ് ബിജോയ്‌യുടേതായിരുന്നു സംഗീതം. കായല്‍ ഫിലിംസിന്റെ ബാനറില്‍ ആന്റണി പി തെക്കേത്ത്, പ്രേമ തെക്കേത്ത് എന്നിവരായിരുന്നു നിര്‍മ്മാണം.