കനേഡിയൻ സംവിധായകയും 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ ജേതാവുമാണ് കെല്ലി ഫൈഫ് മാർഷൽ.
ജമൈക്കയേയും ജമൈക്കൻ ജനതയെയും കുറിച്ചുള്ള ‘വെൻ മോണിംഗ് കംസ്’ എന്ന ചിത്രം സ്വന്തം രാജ്യമായ ജമൈക്കയ്ക്കുള്ള പ്രേമലേഖനമാണെന്ന് കനേഡിയൻ സംവിധായകയും 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമ ജേതാവുമായ കെല്ലി ഫൈഫ് മാർഷൽ. കാനഡയിൽ സ്ഥിരതാമസമാക്കിയ കെല്ലി പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
"എന്റെ ചിത്രങ്ങളിൽ എനിക്ക് എറ്റവും പ്രിയപ്പെട്ടതാണ് വെൻ മോണിങ്ങ് കംസ്. സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവരുടെ കഥയാണ് സിനിമ പറയുന്നത്. ജമൈക്കയെ കുറിച്ചുള്ള അനുമാനങ്ങൾക്കപ്പുറം, യാഥാർത്ഥ്യങ്ങൾ കൊണ്ടുവരിക എന്നുള്ളതാണ് സിനിമയുടെ ലക്ഷ്യം. എന്റെ സ്മരണകളെയും, കുടുംബത്തെയും, എന്നെ പോലുള്ളവരെയും ബിഗ് സക്രീനിൽ കൊണ്ടുവരാനുള്ള ശ്രമം കൂടിയാണിത്. ജമൈക്കക്കുള്ള എന്റെ പ്രേമലേഖനമാണീ സിനിമ," അവർ പറഞ്ഞു.
ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയപ്പോഴാണ് ജമൈക്കയും കേരളവും തമ്മിൽ ഭൂമിശാസ്ത്രപരമായി അധികം വ്യത്യാസമില്ലെന്ന് മനസ്സിലാക്കിയതെന്ന് കെല്ലി കൂട്ടിച്ചേർത്തു. ‘വെൻ മോണിംഗ് കംസ്’ മേളയിൽ പ്രദർശിപ്പിക്കുന്നതിലൂടെ മലയാളികൾക്കും ഇത് മനസ്സിലാകും. ഡിസംബർ 15നാണ് മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.
"എന്റെ ഉള്ളിലുളള രാഷ്ട്രീയമാണ് ഓരോ സിനിമയിലും പ്രതിഫലിക്കുന്നത്. 'മേക്ക് റിപ്പിൾസ്' എന്ന എന്റെ സംഘടനയിലും ഈ രാഷ്ട്രീയം പ്രതിഫലിക്കുന്നുണ്ട്. ഒരാൾ സ്വന്തമായി മാറ്റത്തിന് തുടക്കമിടുമ്പോഴാണ് ഒരു വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നത് എന്ന ആശയത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്," അവർ വിശദീകരിച്ചു.
ടെഡ് എക്സിലെ ‘മേക്ക് റിപ്പിൾസ്: മേക്ക് യുവർ ചെയ്ഞ്ച്’ എന്ന പരിപാടിയിലൂടെയാണ് ഈ ആശയം കെല്ലി മുന്നോട്ടുവച്ചത്. കറുത്തവർഗ്ഗക്കാർക്കും, സ്ത്രീകൾക്കും, ക്വിയർ ജനതയ്ക്കും സുരക്ഷിതമായ അന്തരീക്ഷമുണ്ടാക്കുക എന്നത് ഓരോ ആളുകളിലും സ്വയം ഉണ്ടാകേണ്ട ചിന്തയാണ്. ഇങ്ങനെയൊരു മാറ്റമാണ് തന്റെ ജീവിത സന്ദേശം എന്നും കെല്ലി പറയുന്നു. മേക്ക് റിപ്പിൾസിന്റെ കോ- ഫൗണ്ടറാണ് കെല്ലി.
വടക്കേ അമേരിക്കയിൽ ജീവിക്കുന്ന കറുത്ത വർഗ്ഗക്കാരിയും സ്ത്രീയും എന്ന നിലയിൽ തന്റെ സമൂഹത്തോടും സംസ്കാരത്തിനോടും നീതി പുലർത്തേണ്ടത് കലാകാരി എന്ന നിലയിൽ തന്റെ കർത്തവ്യമാണ്. “പലരും വിനോദോപാധി എന്ന തരത്തിൽ മാത്രമാണ് സിനിമയെ കാണുന്നത്, എന്നാൽ സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടിയാണ് ഞാൻ സിനിമ നിർമ്മിക്കുന്നത് "കെല്ലി നയം വ്യക്തമാക്കി.
കെല്ലി ഫൈഫ് മാർഷലിന് സിനിമാരംഗത്തേക്ക് കടന്നുവരാനുള്ള പ്രധാനകാരണം മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാതാപിതാക്കളാണ്. കുറച്ചു കാലം തിയ്യറ്റർ രംഗത്ത് പ്രവർത്തിച്ചിരുന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിൽ എത്തി. എന്നാൽ വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ കണ്ടെത്തുക വളരെ ദുഷ്കരമായിരുന്നു. ആ സമയത്താണ് ‘ഹാവെൻ’ എന്ന ഹ്രസ്വചിത്രം ചെയ്യുന്നത്. ചിലവു ചുരുക്കിയുള്ള ജീവിതത്തിനിടയിൽ, ഹാവെന്റെ വിജയമാണ് സിനിമാരംഗത്ത് വേരൂന്നാൻ പ്രേരിപ്പിച്ചത്. പിന്നീട് കാനഡയിൽ സ്ഥിരതാമസമാക്കി.
സിനിമയുടെ ദൈർഘ്യത്തിലല്ല, ഉള്ളടക്കത്തിനാണ് പ്രാധാന്യം എന്ന സന്ദേശമാണ് കെല്ലി സിനിമാരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് നൽകുന്നത്. തന്റെ ചിത്രമായ ‘ബ്ലാക്ക് ബോഡീസ്’ 90 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ്.



