ല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ വില്ലന്‍ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.

ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രീകരണം നേരത്തെ പൂര്‍ണ്ണമാകേണ്ട ചിത്രം റിലീസ് ചെയ്യാന്‍ വൈകിയത് കൊവിഡ് വ്യാപനത്താലാണ്. നിര്‍ത്തിവെച്ച ചിത്രീകരണം കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുനരാരംഭിച്ചത്. ആതിരപ്പള്ളി, ആന്ധ്രപ്രദേശിലെ മരെടുമല്ലി എന്നീ വന മേഖലകളിലായിരുന്നു ചിത്രീകരണം.

തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.