മാമന്നന്‍ ആണ് ഫഹദിന് നോമിനേഷന്‍ നേടിക്കൊടുത്തത്, വിനായകന് ജയിലറും
ജനപ്രിയ ചലച്ചിത്ര അവാർഡ് ആയ സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ്‍സിന്‍റെ (സൈമ) 2024 എഡിഷൻ സെപ്റ്റംബർ 14, 15 തീയതികളിലായി ദുബൈയിലാണ് നടക്കുക. നാല് തെന്നിന്ത്യൻ ഭാഷാ സിനിമകളിലെയും 2023 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികവുകൾക്കാണ് പുരസ്കാരം. അവാര്‍ഡ്സിന്‍റെ നോമിനേഷനുകള്‍ ഈ ദിവസങ്ങളിലായി അണിയറക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൗതുകകരമായ ഒരു കാര്യം മറുഭാഷാ സിനിമകളിലും മലയാളി താരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി നോമിനേഷനുകള്‍ നേടിയിട്ടുണ്ട് എന്നതാണ്.
തമിഴ് സിനിമയിലെ മികച്ച പ്രതിനായക പുരസ്കാരത്തിനുള്ള മത്സരത്തില്‍ രണ്ട് മലയാളി താരങ്ങള്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്. ഫഹദ് ഫാസിലും വിനായകനുമാണ് അത്. മാമന്നനിലെ പ്രകടനമാണ് ഫഹദിന് നോമിനേഷന്‍ നേടിക്കൊടുത്തതെങ്കില്‍ വിനായകന് നോമിനേഷന്‍ വന്നത് രജനികാന്ത് ചിത്രം ജയിലര്‍ വഴിയാണ്. തെലുങ്ക് സിനിമയില്‍ പ്രതിനായക പുരസ്കാരത്തിനും സഹനടനുള്ള പുരസ്കാരത്തിനും മലയാളികള്‍ മത്സരിക്കുന്നുണ്ട്. പ്രതിനായക പുരസ്കാരത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും സഹനടനുള്ള പുരസ്കാരത്തിന് പൃഥ്വിരാജ് സുകുമാരനുമാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ദസറയിലെ വേഷമാണ് ഷൈന്‍ ടോമിന് നോമിനേഷന്‍ നേടിക്കൊടുത്തത്. സലാറിലെ വേഷം പൃഥ്വിരാജിനും.
അതേസമയം കീര്‍ത്തി സുരേഷിന് തമിഴിലും തെലുങ്കിലും ഒരേ സമയം നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. രണ്ടും മികച്ച നടിക്കുള്ള പുരസ്കാരത്തിനാണ്. തമിഴില്‍ മാമന്നനും തെലുങ്കില്‍ ദസറയുമാണ് ചിത്രങ്ങള്‍. തെലുങ്കിലെ മികച്ച നടിക്കുള്ള നോമിനേഷനുമായി മറ്റൊരു മലയാളി താരം കൂടിയുണ്ട്. സംയുക്ത മേനോന്‍ ആണ് അത്. വിരൂപാക്ഷയാണ് ചിത്രം.
ALSO READ : ഇനി നടന്‍ വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതകം' റിലീസ് തീയതി
